ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ആരംഭിക്കാനിരിക്കെ മത്സരവേദിയായ ന്യൂയോർക്കിലെ ഫ്‌ളഷിങ് മെഡോസിൽ കഞ്ചാവ് മണം പടരുന്നതിനെതിരെ താരങ്ങളുടെ പരാതി. സമീപത്തെ പാർക്കിൽ നിന്നുള്ള രൂക്ഷമായ കഞ്ചാവ് ഗന്ധം കോർട്ടുകളിലേക്കും എത്തുന്നതായി താരങ്ങൾ പറയുന്നു.
യുഎസ്ടിഎ ബില്ലി ജീൻ കിങ് നാഷണൽ ടെന്നീസ് സെന്ററിന് സമീപമുള്ള കൊറോണ പാർക്കിൽ നിന്നാണ് മണം എത്തുന്നത്. പരിശീലനത്തിനിടയിലും മത്സരത്തിനിടയിലും കഞ്ചാവിന്റെ ഗന്ധം അനുഭവപ്പെട്ടതായി ബ്രിട്ടീഷ് താരം കാറ്റി ബോൾട്ടർ പറഞ്ഞു. ഇത് ഏകാഗ്രതയെ ബാധിക്കുന്നുണ്ടെന്നും മത്സരത്തിനിടെ ഇത്തരം ഗന്ധം അനുഭവിക്കാൻ താൽപര്യമില്ലെന്നും താരം വ്യക്തമാക്കി.
മറ്റ് നിരവധി താരങ്ങളും സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ആദ്യ റൗണ്ട് മത്സരത്തിനിടയിലും കഞ്ചാവിന്റെ മണം അനുഭവപ്പെട്ടിരുന്നുവെന്ന് ബ്രിട്ടീഷ് താരം ഫ്രാൻ ജോൺസ് പറഞ്ഞു. എന്നാൽ ന്യൂയോർക്കിൽ പല സ്ഥലങ്ങളിലും ഇത്തരം മണം അനുഭവപ്പെടാറുണ്ടെന്നും എല്ലാവരും ഇതിന് ഒരുപോലെ വിധേയരാണെന്നും ബ്രിട്ടന്റെ ഹാരിയറ്റ് ഡാർട്ട് പ്രതികരിച്ചു. ന്യൂയോർക്കിൽ 21 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാണ്. എന്നാൽ ടെന്നീസ് സെന്ററിനുള്ളിൽ പുകവലി അനുവദനീയമല്ല.
ടൂർണമെന്റ് ഗ്രൗണ്ടിന് പുറത്തുള്ള കാര്യങ്ങളിൽ തങ്ങൾക്ക് നേരിട്ട് നിയന്ത്രണമില്ലെന്ന് സംഘാടകരായ യുഎസ് ടെന്നീസ് അസോസിയേഷൻ അറിയിച്ചു. അതേസമയം, പുകവലി തടയുന്നതിനായി പ്രാദേശിക പോലീസുമായും പാർക്ക് അധികൃതരുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.












