താഷ്കെന്റ്: ദീര്‍ഘകാല യുറേനിയം വിതരണ കരാറില്‍ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും ഒപ്പുവെച്ചു. ഉസ്ബെക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉസ്ബെക് പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഇന്ത്യയുടെ ആണവോര്‍ജ പദ്ധതികള്‍ക്ക് കരുത്തുപകരുന്നതാണ് ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സുപ്രധാനമായ കരാര്‍.
യൂറേനിയം കരാറാണ് ചർച്ചയിലെ പ്രധാന വിഷയം. യുറേനിയം വിതരണത്തിനായി ദീര്‍ഘകാല സംവിധാനം ഏര്‍പ്പെടുത്തുമെന്നും മോദി വ്യക്തമാക്കി. ഇന്ത്യയെ ‘വിശ്വസ്തനായ തന്ത്രപ്രധാന പങ്കാളി’ എന്ന് വിശേഷിപ്പിച്ച ഉസ്ബെക് പ്രസിഡന്റ് മിര്‍സിയോയേവ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ കടന്നതായും വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സംരംഭങ്ങളുടെ എണ്ണം മുമ്പത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ഏഴിരട്ടിയായി വർദ്ധിച്ചിട്ടുണ്ടെന്നും മിര്‍സിയോയേവ് പറഞ്ഞു. യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്ന പുതിയ വിസ പ്രഖ്യാപനവും ഉസ്ബെക് പ്രസിഡന്റ് നടത്തി. ഇന്ത്യൻ പൗരന്മാർക്ക് ഉസ്ബെക്കിസ്ഥാനിൽ 30 ദിവസം വരെ താമസിക്കുന്നതിന് ഇനി വിസ ആവശ്യമില്ലെന്ന് മിർസിയോയേവ് അറിയിച്ചു. വിനോദസഞ്ചാരം, ബിസിനസ് യാത്രകൾക്ക് ഈ തീരുമാനം വളരെ ഫലപ്രദമാകുമെന്ന് ഉസ്ബെക് പ്രസിഡന്റ് കൂട്ടിച്ചേർത്തു.


