കോഴിക്കോട്: നീന്തൽ മത്സരത്തിൽ വിജയിച്ച മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സമ്മാനം നൽകുന്നതിനെതിരെ രക്ഷിതാവിന്റെ പരസ്യ പ്രതിഷേധം. കോഴിക്കോട് ചെറൂട്ടി റോഡിലെ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇതാണ് പെൺകുട്ടിയുടെ പിതാവിനെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്. മത്സരത്തിൽ വിജയിച്ച മകൾക്ക് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെ പിതാവ് പരസ്യമായി എതിർക്കുകയായിരുന്നു.
‘കൊലയാളി ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകേണ്ട, എന്റെ മകൾക്ക് കൊടുക്കേണ്ട’ എന്ന് പിതാവ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധിക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്ന ചിലർ ആവശ്യപ്പെട്ടെങ്കിലും പിതാവ് നിലപാടിൽ ഉറച്ചുനിന്നു.
തുടർന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ കുട്ടിക്ക് സമ്മാനം നൽകുകയായിരുന്നു.
കുട്ടികളുടെ നീന്തൽ മത്സരത്തിന് പുറമെ ട്രയാത്ലോൺ മത്സരവും സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്നിരുന്നു. ട്രയാത്ലോണിൽ മത്സരാർഥിയായി പങ്കെടുക്കാനാണ് ശ്രീറാം വെങ്കിട്ടരാമൻ എത്തിയത്. ഇതിനിടെ മത്സരവിജയികളായ കുട്ടികൾക്ക് സമ്മാനം നൽകാൻ സംഘാടകർ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.












