ഷാർജ: കാണാതായ രണ്ട് കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 17 മുതൽ ഇരുവരെയും കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
ഫോണിലും വാട്‌സ്ആപ്പിലും ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റിൽ വിവരം അറിയിക്കുകയായിരുന്നു. കോൺസുലേറ്റിന്റെ പരാതിയെ തുടർന്ന് ഷാർജ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഫ്ലാറ്റിൽ കണ്ടെത്തിയത്.
ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയ റഷ്യൻ ഭാഷ സംസാരിക്കുന്ന കസാഖ് സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങളും സഹോദരിമാരെ കാണാനില്ലെന്ന പോസ്റ്ററുകളും നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഫ്ലാറ്റിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
2025 ഡിസംബറിലാണ് ബ്യൂട്ടി സലൂണിൽ ജോലി ചെയ്യുന്നതിനായി സഹോദരിമാർ ദുബായിലെത്തിയത്. സെപ്റ്റംബർ ആദ്യം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ. ഇതിനിടെയാണ് ദുരൂഹ സാഹചര്യത്തിൽ മരണം സംഭവിച്ചത്.
മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് ഷാർജ പൊലീസ് അറിയിച്ചു. പരിശോധനകളും മറ്റ് നടപടികളും പൂർത്തിയായ ശേഷം അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമെന്നും പൊലീസ് വ്യക്തമാക്കി.
ഓഗസ്റ്റ് 28ന് ഇരുവരുടെയും മൃതദേഹങ്ങൾ കസാഖിസ്ഥാനിലേക്ക് കൊണ്ടുപോയി. കസാഖ് അധികൃതരുമായി സഹകരിച്ച് ആവശ്യമായ നിയമനടപടികളും രേഖകളും ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റ് പൂർത്തിയാക്കിയതായി അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




