പത്തനംതിട്ട: സഹകരണ മേഖലയെ സമ്പൂർണമായി അഴിമതി വിമുക്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം. ലിജു. സഹകരണ മേഖലയിൽ തട്ടിപ്പ് നടത്തുന്നവരെ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. തട്ടിപ്പുകാർക്ക് പാർട്ടി വ്യത്യാസമില്ലെന്നും സിപിഐഎം, യുഡിഎഫ്, കോൺഗ്രസ് എന്നിങ്ങനെ ഏത് രാഷ്ട്രീയ പശ്ചാത്തലമുള്ളവരായാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
“ഒറ്റയെണ്ണം ഉണ്ടാകില്ല. ഓടിച്ചിട്ട് പിടിക്കും. ഉറപ്പായും പിടിക്കും. അതിൽ കക്ഷിരാഷ്ട്രീയത്തിന് പ്രസക്തിയില്ല. തട്ടിപ്പുകാർ തട്ടിപ്പുകാർ തന്നെയാണ്. ഒത്തിരി പേരെ പിടിക്കാനുണ്ട്,” മന്ത്രി പറഞ്ഞു.
നാട്ടുകാരുടെ പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിക്കുകയും മക്കളുടെയും മരുമക്കളുടെയും പേരിൽ ബിനാമി സ്വത്തുക്കൾ ഉണ്ടാക്കുകയും ചെയ്യുന്നവരുണ്ടെന്ന് മന്ത്രി ആരോപിച്ചു. സഹകരണ മേഖല അഴിമതിയുടെ വലിയ കേന്ദ്രമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.
കേരള ബാങ്ക് ആസ്ഥാനത്ത് നടന്ന വിജിലൻസ് റെയ്ഡിനെക്കുറിച്ചുള്ള വിവരം ഇപ്പോഴാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. സിസിടിവി ക്യാമറ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നതെന്നാണ് വിവരം. പരാതി ലഭിച്ചാൽ അന്വേഷണം നടത്തേണ്ടത് സ്വാഭാവികമാണെന്നും അന്വേഷണ റിപ്പോർട്ട് പുറത്തുവരട്ടെയെന്നും മന്ത്രി വ്യക്തമാക്കി.
നിക്ഷേപകർക്ക് ജീവിതം തന്നെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രതിസന്ധിയിലുള്ള സഹകരണ ബാങ്കുകളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും ബാങ്കുകൾക്ക് നഷ്ടമുണ്ടാകാനുള്ള കാരണങ്ങൾ പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.




