തിരുവനന്തപുരം: അയ്യപ്പനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാടിനെതിരെ നിയമനടപടിക്ക് ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സണ്ണി എം. കപിക്കാടിനെതിരെ പോലീസിൽ പരാതി നൽകുന്നത് സംബന്ധിച്ച് നാളെ ചേരുന്ന ബോർഡ് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും. പരാമർശം വിശ്വാസികളുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നതും അയ്യപ്പനെ അപമാനിക്കുന്നതുമാണെന്ന് ബോർഡംഗം പി.ഡി. സന്തോഷ് കുമാർ പറഞ്ഞു.
ലോകമെമ്പാടുമുള്ള ജാതിഭേദമന്യേയുള്ള വിശ്വാസികളുടെ ആരാധനാകേന്ദ്രമാണ് ശബരിമലയെന്ന് പി.ഡി. സന്തോഷ് കുമാർ വ്യക്തമാക്കി. വിശ്വാസമാണ് അയ്യപ്പൻ. ആ വിശ്വാസത്തെയും അയ്യപ്പനെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അംഗീകരിക്കാനാകില്ലെന്നും വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം നാളത്തെ ബോർഡ് യോഗത്തിൽ ഉന്നയിക്കുമെന്നും വ്യക്തമാക്കി.
അയ്യപ്പനെതിരായ പരാമർശത്തിൽ ആദ്യം പ്രതികരിക്കേണ്ടത് ദേവസ്വം ബോർഡായിരുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു. ശബരിമല ക്ഷേത്രത്തിന്റെയും അയ്യപ്പന്റെയും സംരക്ഷണ ചുമതല തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്. ശബരിമലയിൽ നിന്നുള്ള വരുമാനം ബോർഡിന്റെയും കീഴിലുള്ള നൂറുകണക്കിന് ക്ഷേത്രങ്ങളുടെയും പ്രവർത്തനത്തിന് പ്രധാന ആധാരമാണ്. അതിനാൽ അയ്യപ്പനെയും ശബരിമല ക്ഷേത്രത്തെയും അപമാനിക്കുന്ന പരാമർശമുണ്ടായിട്ടും ബോർഡ് ആദ്യം ശക്തമായി പ്രതികരിക്കാതിരുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് വിഷയം നാളത്തെ ബോർഡ് യോഗത്തിൽ ചർച്ച ചെയ്യുന്നത്. നേരത്തെ വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന് സണ്ണി എം. കപിക്കാട് ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഖേദപ്രകടനം നിയമനടപടിക്ക് തടസമാകില്ലെന്ന നിലപാടാണ് ബോർഡിനുള്ളത്.













