തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ നടത്തിയ പ്രതികരണങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തത് ചർച്ചയായി. സമസ്ത എപി വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിൽ നിന്ന് ഈ പോസ്റ്റ് അപ്രത്യക്ഷമായത്.’ആ പ്രസ്താവനയോട് യോജിപ്പില്ല’ എന്ന തലക്കെട്ടോടെ വാർത്താസമ്മേളനത്തിലെ വീഡിയോ അടങ്ങിയ പോസ്റ്റാണ് പേജിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.
ഇസ്ലാമിക ചരിത്രം ചൂണ്ടിക്കാട്ടി കാന്തപുരത്തിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി തള്ളിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സമസ്ത എ.പി. വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. സമസ്ത സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിലായിരുന്നു സംഘം മുഖ്യമന്ത്രിയെ കണ്ടത്. ഈ കൂടിക്കാഴ്ച കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് വാർത്താസമ്മേളനത്തിലെ വിവാദ ഭാഗങ്ങൾ അടങ്ങിയ വീഡിയോ അടങ്ങുന്ന പോസ്റ്റ് പേജിൽ നിന്ന് അപ്രത്യക്ഷമായത്.
എന്നാൽ പോസ്റ്റ് അപ്രത്യക്ഷമായത് ചില സാങ്കേതിക കാരണങ്ങളാൽ മാത്രമാണെന്നും വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിൽ യാതൊരുവിധ മാറ്റവുമില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.



