കുവൈത്ത് സിറ്റി: കുവൈത്തിൽ ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള പൗരത്വ തട്ടിപ്പ് ഡിഎൻഎ പരിശോധനയിലൂടെ പുറത്തുവന്നു. മാസങ്ങൾക്ക് മുമ്പ് മരിച്ച കുവൈത്ത് പൗരനിൽ നിന്ന് ശേഖരിച്ച ജനിതക സാമ്പിളാണ് നിർണായക തെളിവായത്.
കഴിഞ്ഞ ജനുവരിയിൽ ഫോറൻസിക് വിഭാഗം ശേഖരിച്ച് സൂക്ഷിച്ചിരുന്ന ഡിഎൻഎ സാമ്പിളിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോയത്. കുടുംബ രേഖകൾ പരിശോധിച്ച അന്വേഷണ സംഘം ഇയാളുടെ മക്കളായി രജിസ്റ്റർ ചെയ്തിരുന്ന അഞ്ച് പേർ യഥാർഥ മക്കളല്ലെന്ന് കണ്ടെത്തുകയായിരുന്നു. സിറിയൻ സ്വദേശികളായ സഹോദരന്മാരുടെ മക്കളെയാണ് സ്വന്തം മക്കളെന്ന പേരിൽ വ്യാജമായി കുവൈത്ത് പൗരത്വ രേഖകളിൽ ഉൾപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ.
ഇവരിൽ ഒരാൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥനാണെന്നും കുവൈത്ത് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ഉയർന്ന പദവികളിൽ ജോലി ചെയ്ത ഇയാൾ ഒടുവിൽ മേഖലാ കമാൻഡർ പദവിയിലെത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.
1965ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കമെന്നാണ് വിവരം. കുവൈത്ത് പൗരത്വം ലഭിച്ച വ്യക്തി സ്വന്തം മക്കൾക്ക് പുറമെ സിറിയൻ സ്വദേശികളായ അഞ്ച് സഹോദരപുത്രന്മാരെ കൂടി സ്വന്തം മക്കളായി രേഖകളിൽ ഉൾപ്പെടുത്തുകയായിരുന്നു. ദശാബ്ദങ്ങളോളം പുറത്തറിയാതിരുന്ന തട്ടിപ്പാണ് ഇപ്പോൾ അന്വേഷണത്തിലൂടെ വെളിച്ചത്തായത്.
ഉന്നത ഉദ്യോഗസ്ഥന്റെ കുടുംബ പശ്ചാത്തലം പരിശോധിച്ചതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇയാളുടെ യഥാർഥ മാതാവും സഹോദരങ്ങളും സിറിയൻ പൗരത്വത്തോടെയാണ് കുവൈത്തിൽ കഴിയുന്നതെന്നും കണ്ടെത്തി. ജൈവ സഹോദരന്മാരിൽ ഒരാൾ ബിദൂൻ വിഭാഗത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാതാവും സഹോദരിമാരും യഥാർഥ കുടുംബപ്പേരാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഉന്നത ഉദ്യോഗസ്ഥൻ വ്യാജമായി രജിസ്റ്റർ ചെയ്ത മറ്റൊരു പേരിലാണ് കുവൈത്തിൽ അറിയപ്പെട്ടിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


