തിരുനെൽവേലി: കുടിവെള്ളക്ഷാമത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന് നേരെ കല്ലേറ്. ഗുരുതരമായി പരിക്കേറ്റ കണ്ണനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മഹാരാജൻ (54) മരിച്ചു. തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിന് സമീപമാണ് സംഭവം.
കണ്ണനല്ലൂർ ഗ്രാമത്തിൽ ദിവസങ്ങളായി കുടിവെള്ള വിതരണം മുടങ്ങിയതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഏകദേശം 25 ദിവസമായി പ്രദേശത്ത് കൃത്യമായി കുടിവെള്ളം ലഭിച്ചിരുന്നില്ലെന്നാണ് വിവരം. പ്രശ്‌നം പരിഹരിക്കാനും പ്രതിഷേധക്കാരുമായി സംസാരിക്കാനുമായി പഞ്ചായത്ത് പ്രസിഡന്റ് മഹാരാജൻ സ്ഥലത്തെത്തുകയായിരുന്നു.
പ്രതിഷേധക്കാരുമായി സംസാരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ മഹാരാജനെ ലക്ഷ്യമിട്ട് കല്ലെറിഞ്ഞത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കുഴഞ്ഞുവീണു. നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ വള്ളിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും തിരുനെൽവേലി ജില്ലാ പൊലീസ് മേധാവി വിശ്വേശ് ശാസ്ത്രി അറിയിച്ചു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും പൊലീസ് വ്യക്തമാക്കി.




