തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വിശദീകരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് എംഎൽഎ. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്നും രണ്ട് വിഭാഗങ്ങളായി കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെന്നും രമ്യ പറഞ്ഞു.
വിഷയത്തിൽ കെപിസിസിക്ക് പരാതി നൽകിയിരുന്നുവെന്നും ഇരുവിഭാഗങ്ങളുമായും സംസാരിച്ചെങ്കിലും ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞില്ലെന്നും രമ്യ വ്യക്തമാക്കി. ജനപ്രതിനിധി എന്ന നിലയിൽ ഒരു വിഭാഗത്തിനൊപ്പം നിൽക്കുന്നത് ശരിയല്ലെന്ന് കണ്ടാണ് ഇരുവിഭാഗങ്ങളും സംഘടിപ്പിച്ച കൺവെൻഷനുകളിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
തുടർന്ന് തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ അധിക്ഷേപം ഉണ്ടായെന്നും രമ്യ ആരോപിച്ചു. സംഭവത്തിൽ സജിത്താണ് നേതൃത്വം നൽകിയതെന്നും ആഭ്യന്തരമന്ത്രിയോടും ഷാഫി പറമ്പിൽ എംപി, സുധീർ ഷാ പാലോട് എംഎൽഎ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്നിവരോടും വിഷയം അറിയിച്ചിട്ടുണ്ടെന്നും രമ്യ പറഞ്ഞു.
മാസങ്ങളായി ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായാണ് തനിക്കെതിരായ സൈബർ ആക്രമണമെന്നും രമ്യ ആരോപിച്ചു. സജാദിന്റെ ക്ഷണപ്രകാരമാണ് വീട്ടിലെത്തിയതെന്നും സംസാരിക്കുന്നതിനിടെ സജിത്ത് വീട്ടിലേക്ക് കയറി വന്നതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നും അവർ വിശദീകരിച്ചു. തന്റെ ഭാഗത്തുനിന്നുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും രമ്യ പറഞ്ഞു.
അതേസമയം, സംഭവത്തിൽ അന്വേഷണം നടത്താൻ കെപിസിസി തീരുമാനിച്ചു. രമ്യ ഹരിദാസ് നൽകിയ പരാതിയിലടക്കം ഇരുവിഭാഗങ്ങളുടെയും പരാതികൾ പരിശോധിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും കെപിസിസി അറിയിച്ചു. കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള സംഘർഷം പാർട്ടിക്ക് നാണക്കേടാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സംഭവത്തിൽ ഇരുവിഭാഗങ്ങളുടെയും പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. രമ്യ ഹരിദാസ് നൽകിയ പരാതിയിൽ ഏഴുപേർക്കെതിരെയാണ് കേസ്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. സജാദും ഭാര്യയും നൽകിയ പരാതിയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവിഭാഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർനടപടികൾ.
അതേസമയം, എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ അതിക്രമിച്ച് കയറിയെന്നും മകളെ ഭീഷണിപ്പെടുത്തിയെന്നും സജാദിന്റെ ഭാര്യ സിനി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാൻ മകളോട് ആവശ്യപ്പെട്ടെന്നും ഇതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായതെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് തർക്കത്തിന് തുടക്കമായത്. യോഗവുമായി ബന്ധമില്ലാത്ത വ്യക്തി പങ്കെടുത്തതിനെ ചില ജനപ്രതിനിധികൾ ചോദ്യം ചെയ്തിരുന്നു. തുടർന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടു.
ഇതേക്കുറിച്ച് സംസാരിക്കാനായി രമ്യ ഹരിദാസും പാളയം പ്രദീപും ജനറൽ സെക്രട്ടറിയുടെ വീട്ടിലെത്തിയതോടെയാണ് സംഘർഷമുണ്ടായതെന്നാണ് വിവരം. ഇതറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തുകയും ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും തുടർന്ന് ഉന്തുംതള്ളും ഉണ്ടാകുകയും ചെയ്തു. സംഭവത്തിന് പിന്നാലെ രമ്യ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടുകയും പ്രാദേശിക നേതാക്കൾ മർദിച്ചെന്ന ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.


