മസ്‌കറ്റ്: ഖത്തറിലെ ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനം ജീവനക്കാരന് അടിയന്തരമായി വൈദ്യസഹായം ആവശ്യമായതിനെ തുടർന്ന് മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. വ്യാഴാഴ്ച മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനം ഇറങ്ങിയ ഉടൻ എയർപോർട്ട് മെഡിക്കൽ സംഘം ജീവനക്കാരന് ആവശ്യമായ ചികിത്സ നൽകി. പിന്നീട് ഇദ്ദേഹം പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
യാത്രക്കാരുടെ യാത്ര വൈകാതിരിക്കാൻ ഇൻഡിഗോ പകരം വിമാനവും പുതിയ ക്രൂ അംഗങ്ങളെയും ഉടൻ ക്രമീകരിച്ചു. തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി ബെംഗളൂരുവിൽ എത്തിച്ചു. മസ്‌കറ്റ് വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാർക്ക് ഭക്ഷണപാനീയങ്ങളും വിമാന സർവീസുമായി ബന്ധപ്പെട്ട വിവരങ്ങളും നൽകിയതായി അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയ്ക്കാണ് എപ്പോഴും മുൻഗണന നൽകുന്നതെന്നും ഇൻഡിഗോ വ്യക്തമാക്കി.




