മലപ്പുറം: പി.വി. അബ്ദുൽ വഹാബ് എംപിയുടെ ഡ്രൈവറെയും കുടുംബത്തെയും മർദ്ദിച്ച കേസിൽ രണ്ടാം പ്രതി പിടിയിൽ. കരുണായപ്പടി സ്വദേശി പുലാടൻ ഹൗസിൽ ഇബ്‌നു റാഷിദ് (35) ആണ് പിടിയിലായത്. ചിക്കമംഗളൂരുവിൽ നിന്നാണ് പൊലീസ് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയത്. കേസിലെ ഒന്നാം പ്രതി വിഷ്ണു ഉൾപ്പെടെ രണ്ടുപേർ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 13ന് വൈകിട്ട് അഞ്ചോടെയാണ് കേസിനാസ്പദമായ സംഭവം. എറിയാട് വച്ച് കാറിൽ യാത്ര ചെയ്യുകയായിരുന്ന എംപിയുടെ ഡ്രൈവർ സിദ്ദിഖ്, മകൻ അമൽ ശാരിഖ്, ഭാര്യ, മൂന്ന് വയസുള്ള പേരക്കുട്ടി എന്നിവരെ നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി.
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഘം കാർ തടഞ്ഞുനിർത്തി അമൽ ശാരിഖിനെ മർദ്ദിക്കുകയും കാറിലുണ്ടായിരുന്ന സിദ്ദിഖിന്റെ ഭാര്യ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. പിടിയിലായ ഇബ്‌നു റാഷിദിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.


