ചെന്നൈ: കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെങ്കിലും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനായുള്ള മുഹമ്മദ് ഷമിയുടെ ആഗ്രഹത്തിനും പോരാട്ടവീര്യത്തിനും കുറവില്ലെന്ന് ഇഷാൻ കിഷൻ. ദുലീപ് ട്രോഫി സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി ഈസ്റ്റ് സോണിനെ 13 വർഷത്തിന് ശേഷം ഫൈനലിലെത്തിക്കുന്നതിൽ ഷമി നിർണായക പങ്കുവഹിച്ചിരുന്നു.
നിലവിൽ ഈസ്റ്റ് സോണിന്റെ ക്യാപ്റ്റനായ ഇഷാൻ കിഷൻ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷമിയുടെ പ്രകടനത്തെയും ആത്മവിശ്വാസത്തെയും കുറിച്ച് പ്രതികരിച്ചത്. ഷമി എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണെന്നും പ്രായം ഒരു പ്രശ്നമല്ലെന്നും കിഷൻ പറഞ്ഞു.
കഠിനാധ്വാനം ചെയ്യാനുള്ള മനസുണ്ടെങ്കിൽ പ്രായം വെറും സംഖ്യ മാത്രമാണെന്നാണ് തന്റെ അഭിപ്രായമെന്നും കിഷൻ വ്യക്തമാക്കി. ബംഗാളിനും ഇന്ത്യൻ ടീമിനുമായി ഷമി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ കരിയറിനോട് ഷമിക്ക് വലിയ ആത്മാർഥതയുണ്ടെന്നും കൂടുതൽ ഓവറുകൾ എറിയാൻ സ്വയം മുന്നോട്ടുവരുന്നത് ക്യാപ്റ്റനെന്ന നിലയിൽ തനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും കിഷൻ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അകന്നുനിൽക്കുമ്പോഴും ആഭ്യന്തര മത്സരങ്ങളിൽ അതേ തീവ്രതയോടെ കളിക്കാൻ ഷമിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ടീമിലേക്ക് ശക്തമായി തിരിച്ചെത്തുക എന്നതാണ് ഷമിയുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നും കിഷൻ പറഞ്ഞു. 2025ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ടൂർണമെന്റിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തി അദ്ദേഹം വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയിരുന്നു.




