തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപയോഗം വർധിച്ചതും കേന്ദ്ര നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചത്.
അന്തരീക്ഷ താപനില ഉയർന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. അതേസമയം രാജ്യത്താകെ വൈദ്യുതി ആവശ്യകത ഉയർന്ന സാഹചര്യത്തിൽ ഏകദേശം 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് തുടരുകയാണ്.
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാതെ വരികയോ ഗ്രിഡ് ഫ്രീക്വൻസി കുറയുകയോ ചെയ്താൽ സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നും കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി ലഭ്യത മെച്ചപ്പെടുന്ന സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.




