കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കർണാടക സ്വദേശിയായ രമേശാണ് മരിച്ചത്. തലയ്ക്കും നെഞ്ചിനും ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ഹൊസങ്കടിയിൽ തൊഴിലാളികൾ താമസിക്കുന്ന പഴയ ഇരുനില കെട്ടിടത്തിലെ അടുക്കളയിലാണ് രമേശിന്റെ മൃതദേഹം കണ്ടെത്തിയത്. നരസിംഹമൂർത്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പത്ത് തൊഴിലാളികളാണ് താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് മറ്റ് തൊഴിലാളികൾ തിരിച്ചെത്തിയപ്പോഴാണ് രമേശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രമേശിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നെഞ്ചിലും ആഴത്തിലുള്ള മുറിവ് കണ്ടെത്തി. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അടുക്കളയിൽ ഉപയോഗിക്കുന്ന ആട്ടുകല്ലിൽ രക്തക്കറ കണ്ടെത്തിയതോടെ ഇതിൽ തലയിടിപ്പിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം.
സംഭവത്തിന് ശേഷം കൂടെ താമസിച്ചിരുന്ന ഒരാളെ കാണാതായിട്ടുണ്ട്. കർണാടക സ്വദേശിയായ ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. മഞ്ചേശ്വരം പൊലീസ് ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
രമേശ് സ്ഥിരമായി ഒരിടത്ത് താമസിച്ചിരുന്നില്ലെന്നും വിവിധ സ്ഥലങ്ങളിൽ താമസിച്ച് കൂലിപ്പണി ചെയ്തുവരികയായിരുന്നുവെന്നും ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


