ഇടുക്കി: മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ച സംഭവത്തിൽ വനംവകുപ്പ് കേസെടുക്കും. മൂന്നാർ കുട്ടിയാർ സ്വദേശിക്കെതിരെയാണ് നടപടി സ്വീകരിക്കാൻ വനംവകുപ്പ് ഒരുങ്ങുന്നത്.
സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് വനംവകുപ്പ് അറിയിച്ചു. പൂക്കൾ പറിക്കരുതെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും നേരത്തെ കർശന നിർദേശം നൽകിയിരുന്നു.
എന്നാൽ നിർദേശങ്ങൾ നിലനിൽക്കെയാണ് ചില സഞ്ചാരികൾ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്തത്. പൂക്കൾ പറിച്ച ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് വനംവകുപ്പ് നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് വനംവകുപ്പ് അറിയിച്ചു. കൂടുതൽ ആളുകൾ നീലക്കുറിഞ്ഞി പറിച്ചെടുത്തിട്ടുണ്ടോയെന്നും വകുപ്പ് അന്വേഷിക്കുന്നുണ്ട്.
മൂന്നാറിലെ ചുക്കൻമുടി മലനിരകളിലാണ് ഇപ്പോൾ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. പൂക്കൾ മൊട്ടിട്ട സമയത്തുതന്നെ ഇവ സംരക്ഷിക്കണമെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും നിർദേശം നൽകിയിരുന്നു. എറണാകുളം സ്വദേശിയായ ഒരാൾ നീലക്കുറിഞ്ഞി നശിപ്പിച്ചതായും വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെയും അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.













