പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസും പെൺകുട്ടിക്ക് അഞ്ച് വയസുമുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൂന്ന് ചാക്കുകളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതിയുടെയും കുഞ്ഞിന്റെയും ശരീരങ്ങൾ രണ്ട് ചാക്കുകളിലും തലകൾ മറ്റൊരു ചാക്കിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങളിൽ അടിവസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹങ്ങൾ മുറിച്ചുമാറ്റാൻ യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.
മരണപ്പെട്ടിട്ട് ഏകദേശം അഞ്ച് ദിവസമായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നതിനും സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം തുടരുകയാണ്.


