ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും മുഖ്യമന്ത്രിയുമായ ജോസഫ് വിജയ് നടത്തിയ പരാമർശത്തിനെതിരെ സിപിഎം രംഗത്ത്. നിയമസഭയിലെ പ്രസംഗത്തിനിടെ മിസ (MISA) നിയമത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വിജയ് സ്റ്റാലിനെ അവഹേളിച്ചെന്നാണ് ആരോപണം. സ്റ്റാലിനെതിരെ ബോഡി ഷെയിമിംഗ് നടത്തിയെന്നും വിമർശനമുണ്ട്.
വിജയ്യുടെ പരാമർശങ്ങളെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് സ്റ്റാലിൻ വലിയ ക്രൂരപീഡനങ്ങൾ നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഇത്തരത്തിൽ അവഹേളിക്കുന്നത് ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്നും ഷൺമുഖം വ്യക്തമാക്കി.
ഇഡി ഉന്നയിക്കുന്ന ആരോപണങ്ങളെ തെളിവായി അവതരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇഡി നടപടികൾ നേരിട്ടത് ഇതിന് ഉദാഹരണമാണെന്നും ഷൺമുഖം കൂട്ടിച്ചേർത്തു.


