ന്യൂഡൽഹി: ഡൽഹിയിൽ വീടിന് മുന്നിലെ ബഹളം ചോദ്യം ചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി. മണിപ്പൂരിലെ മെയ്തി വിഭാഗത്തിൽപ്പെട്ട ചോങ്താം വിക്രം സിങ് (54) ആണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കിലോകാരി ഗ്രാമത്തിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും ഉൾപ്പെടെ ഏഴ് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), മോഹൻ വിശ്വകർമ (32), വിജയ് (36), മന്നു (26) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച പുലർച്ചെ വിക്രം സിങ്ങിന്റെ വീടിന് പുറത്ത് ഒരുകൂട്ടം ആളുകൾ ബഹളംവെക്കുകയും ശല്യമുണ്ടാക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിക്രം സിങ്ങിനെ ഉടൻ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. ആക്രമണത്തിൽ പങ്കെടുത്തവരുടെ പങ്കും സംഭവത്തിന്റെ യഥാർഥ സാഹചര്യങ്ങളും കണ്ടെത്തുന്നതിനാണ് അന്വേഷണം. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം, നാട്ടുകാർ സംഘം ചേർന്നാണ് വിക്രം സിങ്ങിനെ മർദിച്ച് കൊലപ്പെടുത്തിയതെന്ന് ബന്ധു ആരോപിച്ചു. വർഷങ്ങളായി കിലോകാരി ഗ്രാമത്തിൽ താമസിച്ചുവരികയായിരുന്നു വിക്രം സിങ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഡൽഹിയിൽ നേരിടുന്ന വംശീയ അധിക്ഷേപങ്ങളും വിവേചനവും സംബന്ധിച്ച ആശങ്കകൾക്കിടെയാണ് സംഭവം.
വിക്രം സിങ്ങിന്റെ മരണത്തിൽ മണിപ്പൂർ മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിങ് അനുശോചനം രേഖപ്പെടുത്തി. സംഗീത മേഖലയ്ക്കും മണിപ്പൂരിന്റെ സാംസ്കാരിക ജീവിതത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങും വിക്രം സിങ്ങിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.





The customer support is actually helpful and responsive which is rare these days. I felt safe depositing my money and the games are genuinely exciting. Love jiliuucasino!