സിംഗപ്പൂർ സിറ്റി: ഇപ്പോൾ തന്നെ ലോകത്തെ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന പ്രധാനമന്ത്രിക്ക് ഇനിയും ശമ്പളവർധനവ്. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പളം വീണ്ടും കുത്തനെ വർദ്ധിപ്പിച്ച് സിംഗപ്പൂർ സർക്കാർ. പ്രധാനമന്ത്രിയുടെ വാർഷിക ശമ്പളത്തിൽ 64 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ പ്രധാനമന്ത്രിയുടെ പ്രതിവർഷ വേതനം 2.2 ദശലക്ഷം സിംഗപ്പൂർ ഡോളറിൽ നിന്ന് (ഏകദേശം 16.41 കോടി ഇന്ത്യൻ രൂപ) 3.6 ദശലക്ഷം സിംഗപ്പൂർ ഡോളറായി (ഏകദേശം 26.85 കോടി രൂപ) ഉയരുമെന്ന് പ്രധാനമന്ത്രി ലോറൻസ് വോങ് പാർലമെന്റിൽ വ്യക്തമാക്കി. ഒക്ടോബർ 15 മുതലാണ് പുതിയ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരിക.
രാജ്യത്തെ ഭരണരംഗത്തേക്ക് ഏറ്റവും മികച്ച പ്രൊഫഷണലുകളെയും പ്രതിഭകളെയും ആകർഷിക്കുന്നതിനും അഴിമതി പൂർണ്ണമായും ഇല്ലാതാക്കുന്നതിനുമാണ് സിംഗപ്പൂർ രാഷ്ട്രീയ നേതാക്കൾക്ക് ഉയർന്ന ശമ്പളം നൽകുന്ന തത്വം പിന്തുടരുന്നത്. എന്നാൽ ഈ നയത്തോട് അത്ര മികച്ച പ്രതികരണമല്ല ജനങ്ങൾക്കിടയിലുള്ളത്.
ലോകത്ത് ഒരു രാഷ്ട്രത്തലവന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വേതനമാണിത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രതിവർഷം ലഭിക്കുന്നത് 4 ലക്ഷം ഡോളറും (ഏകദേശം 3.78 കോടി രൂപ) ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നത് 2.30 ലക്ഷം ഡോളറുമാണ് (ഏകദേശം 2.17 കോടി രൂപ). ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന രണ്ടാമത്തെ ഭരണാധികാരിയായ ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവിന് പ്രതിവർഷം 7.19 ലക്ഷം ഡോളറും (ഏകദേശം 6.79 കോടി രൂപ), സ്വിസ് പ്രസിഡന്റിന് 6.06 ലക്ഷം ഡോളറുമാണ് (ഏകദേശം 5.73 കോടി രൂപ) ശമ്പളം.


