പാരീസ്: 2026ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാല്ലണ്‍ ഡി ഓര് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 30 താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ മുന്‍ അര്‍ജന്റീന നായകന് ലയണല്‍ മെസി അടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. അതേസമയം പോർച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിട്ടില്ല. ഒക്ടോബര്‍ 26 നാണ് പുരസ്കാരച്ചടങ്ങ്.
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, സ്പാനിഷ് താരങ്ങളായ ലമീന്‍ യമാല്‍, പാവു കുബാര്‍സി, റോഡ്രി, ഫെറാന്‍ ടോറസ്, ഹാരി കെയ്ന്‍, ഹാലണ്ട്, ഫാബിയാന്‍ റൂയിസ് തുടങ്ങിയവരെല്ലാം ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എട്ട് തവണ ബാല്ലണ്‍ ഡി ഓര് പുരസ്കാരം നേടിയിട്ടുള്ള മെസി ഇത് 17-ാം തവണയാണ് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടുന്നത്. നിലവിലെ ജേതാവ് ഡെംബലെയും പട്ടികയിലുണ്ട്.
അര്‍ജന്റീന ദേശീയ ടീമിനായും ഇന്റര്‍ മയാമിക്കായും നടത്തിയ മികച്ച പ്രകടനമാണ് മെസിക്ക് നേട്ടമായത്. അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ മിന്നും പ്രകടനമാണ് മെസി കാഴ്ചവെച്ചത്. ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ച നായകനാണ്. 49 മത്സരങ്ങളില്‍ നിന്നായി 45 ഗോളുകളും 30 അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്. മയാമിയെ എംഎല്‍എസ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.


