തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇ ഡി ബിജെപിക്ക് അനുകൂലമായി നിയമങ്ങൾ ലംഘിക്കുന്നുവെന്ന് സിപിഐഎം നേതാവ് വി. ശിവൻകുട്ടി ആരോപിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുള്ള രാഷ്ട്രീയ അജണ്ടയാണ് ഇഡി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും കുടുംബങ്ങൾക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശിവൻകുട്ടി വ്യക്തമാക്കി. നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. ഇഡി കോടതിക്ക് മുകളിലല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇഡി അധികാരം ഉപയോഗിച്ച് നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ സഫലീകരിക്കുന്നതിനാണ് പ്രവർത്തിക്കുന്നതെന്നും വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകുന്നതായും ശിവൻകുട്ടി ആരോപിച്ചു.
ഹസൻ വാരിസിന്റെ മൊഴിയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. മൊഴിക്കെതിരെ ഹസൻ വാരിസ് തന്നെ രംഗത്തെത്തിയിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് ഇഡി മൊഴിയെടുത്തതെന്ന ആരോപണം ഗൗരവമുള്ളതാണെന്നും ശിവൻകുട്ടി പറഞ്ഞു. ഇഡി രജിസ്റ്റർ ചെയ്ത കേസുകളിൽ വളരെ കുറച്ച് കേസുകളിൽ മാത്രമാണ് ശിക്ഷ ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇഡി 6,677 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 60 കേസുകളിൽ മാത്രമാണ് വിചാരണ നടന്നതെന്നും ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും കേസ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾക്ക് വസ്തുതകളുമായി ബന്ധമില്ലെന്ന് ശിവൻകുട്ടി ആരോപിച്ചു. പദ്ധതിയിൽ ചേരേണ്ടതില്ലെന്ന മുൻ സർക്കാരിന്റെ തീരുമാനം തെറ്റായ രീതിയിലാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളുടെ പട്ടികയിൽ സംസ്ഥാന സർക്കാരിന് മാറ്റം വരുത്താൻ കഴിയില്ലെന്നും അർഹതയുള്ള മറ്റ് സ്കൂളുകൾ തഴയപ്പെടാൻ സാധ്യതയുണ്ടെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
പദ്ധതി നടപ്പാക്കുന്നതിലൂടെ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ പൂർണമായും നടപ്പാക്കേണ്ട സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മിഡിൽ സ്കൂൾ സംവിധാനം ഉൾപ്പെടെയുള്ള മാറ്റങ്ങൾ നിലവിലെ അധ്യാപക സംവിധാനത്തെയും സ്കൂളുകളുടെ ഘടനയെയും ബാധിക്കുമെന്നും വിദ്യാർഥികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടി വലിയ സ്കൂളുകളുമായി ലയിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് കേരളത്തിന്റെ നിലവിലെ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണെന്നും പദ്ധതിയിൽ പങ്കാളിയാകുന്നതിലൂടെ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ഭരണസ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും ശിവൻകുട്ടി ആരോപിച്ചു. പദ്ധതിയുടെ കാലാവധി സംബന്ധിച്ച് ഇനി ശേഷിക്കുന്ന സമയവും ലഭിക്കാനിടയുള്ള കേന്ദ്രഫണ്ടും സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




