തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് ആരോപണവുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചതായി റിപ്പോർട്ട്. ഇഡി കൈമാറിയ മൊഴികൾ തെളിവായി പരിഗണിച്ച് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തുന്നതും ഉചിതമാണെന്നാണ് വിലയിരുത്തൽ.
അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക എന്നാണ് സൂചന.
അതേസമയം, ഇഡിയുടെ കത്ത് കോൺഗ്രസിനെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തൽ. കേസെടുത്താൽ സിപിഐഎം വിഷയം രാഷ്ട്രീയ ആയുധമാക്കുമെന്ന ആശങ്ക കോൺഗ്രസിനുള്ളിലുണ്ട്. വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത് ഇഡിക്ക് കൂടുതൽ ഇടപെടലിന് വഴിയൊരുക്കുമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
കേസെടുത്ത് അന്വേഷണം ആരംഭിച്ചാൽ പിണറായി വിജയന് ദേശീയതലത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ പിന്തുണ ലഭിക്കാനിടയുണ്ടെന്നും ഇത് ഇന്ത്യ സഖ്യത്തിനുള്ളിൽ ഭിന്നതയ്ക്ക് കാരണമാകുമെന്നുമുള്ള വിലയിരുത്തലുകളും കോൺഗ്രസിൽ ഉയരുന്നുണ്ട്.
സംസ്ഥാന കോൺഗ്രസിൽ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നിരിക്കുന്നത്. തിരക്കിട്ട് കേസെടുക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. അതേസമയം, വൈകാതെ നടപടികളിലേക്ക് കടക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.
വിഷയത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും സർക്കാർ തീരുമാനമെടുക്കുക. രാഷ്ട്രീയ പ്രത്യാഘാതങ്ങളും സർക്കാർ വിലയിരുത്തുന്നുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാടും വിഷയത്തിൽ നിർണായകമാകുമെന്നാണ് സൂചന.




