തിരുവനന്തപുരം: മലയിൻകീഴിൽ ഒരുവയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ വിവാഹബന്ധത്തിലെ പ്രശ്നങ്ങളെന്ന് പൊലീസ്. കേസിലെ പ്രതിയായ ക്രിസ്റ്റി പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.
ഭർത്താവ് വീട്ടിലേക്ക് പോകുന്നത് വിലക്കിയെന്നും കുടുംബത്തിൽ നിന്ന് അകറ്റിനിർത്തിയെന്നും ക്രിസ്റ്റി മൊഴി നൽകിയതായി പൊലീസ് പറയുന്നു. ഇതിലുള്ള വിഷമത്തെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് മൊഴി. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനും ശ്രമിച്ചെന്നും ഇതിനായി ഉറക്കഗുളികകൾ കഴിച്ചെന്നും ക്രിസ്റ്റി പറഞ്ഞതായി പൊലീസ് അറിയിച്ചു.
അതേസമയം, ക്രിസ്റ്റിയുടെ മൊഴി പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. യുവതിക്ക് പ്രസവാനന്തര വിഷാദം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മലയിൻകീഴ് വിളവൂർക്കൽ പൊറ്റയിൽ അഭിജിത്ത്–ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് കൊല്ലപ്പെട്ടത്. അമ്മയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയാണ് കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ ക്രിസ്റ്റി ജീവനൊടുക്കാൻ ശ്രമിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ക്രിസ്റ്റി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കുഞ്ഞിന്റെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ക്രിസ്റ്റി–അഭിജിത്ത് ദമ്പതികളുടെ വിവാഹവാർഷിക ദിനത്തിലായിരുന്നു സംഭവം. നാല് വർഷം മുൻപാണ് ഇരുവരും വിവാഹിതരായതെന്ന് അഭിജിത്തിന്റെ ബന്ധുക്കൾ പറഞ്ഞു. ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.




