പാലക്കാട്: ഒറ്റപ്പാലത്ത് റോഡിലെ കുഴി ഒരു യുവാവിന്റെ ജീവനെടുത്തു. റോഡിലെ കുഴി കണ്ട് വഴിമാറിയെത്തിയ ലോറിയാണ് ബൈക്കിൽ ഇടിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്.
അപകടത്തിൽ പാലക്കാട് ജൈനിമേട് സ്വദേശി സനൂപ് (30) മരിച്ചു. ബൈക്കിൽ സനൂപിനൊപ്പമുണ്ടായിരുന്ന സഹോദരൻ സഞ്ജയ് (29) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൊർണൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കണ്ണിയംപുറം പാലം കഴിഞ്ഞുള്ള ഭാഗത്താണ് അപകടം നടന്നത്.
ഈ ഭാഗത്തെ റോഡിലെ കുഴികൾ കാരണം ഉണ്ടാകുന്ന രണ്ടാമത്തെ അപകടമരണമാണിത്. മൂന്ന് ആഴ്ച മുൻപ് സമീപത്തെ മറ്റൊരു കുഴി കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് അപകടമുണ്ടായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ ഇപ്പോഴും ചികിത്സയിലാണ്.
കുഴികൾ രൂപപ്പെട്ട ഭാഗങ്ങളിൽ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതിനാൽ പിന്നിൽ വരുന്ന വാഹനങ്ങൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും പതിവാണെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങൾ ഉണ്ടായതിന് പിന്നാലെ കുഴികളിൽ മെറ്റൽ ഇടുന്നതല്ലാതെ റോഡ് പൂർണമായി റീടാർ ചെയ്യാൻ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.


