കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ ഫോക്ക്ലോർ ആർട്ട് ഗ്യാലറിയുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തിൽ സർവകലാശാല സിന്‍ഡിക്കേറ്റ് അന്വേഷണം ആരംഭിച്ചു. സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് അന്വേഷണം നടത്തുന്നത്. ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. അനുമതിയില്ലാതെ പ്രദർശന വസ്തുക്കൾ സർവകലാശാലയ്ക്ക് പുറത്തേക്ക് കൊണ്ടുപോയതിലും നേരിട്ട് ഫോക്ക്ലോർ ആർട്ട് ഗ്യാലറി സ്ഥാപിച്ചതിലും ചട്ടലംഘനം കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് സർവകലാശാലയുടെ തീരുമാനം. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്. വർക്ക്സ് ആൻഡ് പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കാണ് അന്വേഷണ ചുമതല.
ഇക്കഴിഞ്ഞ ജൂണിലായിരുന്നു ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനം. എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ ഗ്യാലറിയിൽ സൂക്ഷിച്ചിരുന്ന മിക്ക പ്രദർശന വസ്തുക്കളും കാണാനില്ലെന്ന് കണ്ടെത്തി. തെയ്യത്തിന്റെ രൂപം മാത്രമാണ് അവശേഷിച്ചിരുന്നത്. ഗവർണർ സ്ഥാപിച്ച ശിലാഫലകം പോലും ഇളക്കി മാറ്റിയ നിലയിലായിരുന്നു.
ഫോക്ലോർ അക്കാദമിയുമായി സഹകരിച്ചാണ് ആർട്ട് ഗ്യാലറി നിർമ്മിച്ചത്. താവക്കര ക്യാമ്പസിലെ ഗുണ്ടർട്ട് ലൈബ്രറിയിലാണ് മ്യൂസിയം ഒരുക്കിയത്. ഉദ്ഘാടനത്തിന് മാത്രമായി ആർട്ട് ഗ്യാലറിയും കൈത്തറി മ്യൂസിയവും നിർമ്മിച്ചതാണോ എന്ന സംശയവും നേരത്തെ ഉയർന്നിരുന്നു. പിന്നീട് തട്ടിപ്പ് മറയ്ക്കുന്നതിനായി പ്ലാസ്റ്റർ ഓഫ് പാരിസിൽ തീർത്ത ചില രൂപങ്ങൾ സ്ഥാപിച്ചതായും കണ്ടെത്തി.
ആർട്ട് ഗ്യാലറിയുടെ ഉദ്ഘാടനത്തിനായി 7,98,000 രൂപ ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വൈസ് ചാൻസലർ മുതൽ താഴേക്കുള്ള പല ഉദ്യോഗസ്ഥർക്കും ക്രമക്കേടുകളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.




