കോഴിക്കോട്: കമ്മത്ത്‌ലെയ്‌നിലെ വിവിധ ജൂവലറികളിൽ നിന്ന് 118 പവനിലേറെ സ്വർണാഭരണങ്ങളുമായി മുങ്ങിയ ജൂവലറിക്കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് നാലുകുടിപ്പറമ്പിൽ സഫർനാസ് (29) ആണ് അറസ്റ്റിലായത്.
മലപ്പുറം പുളിക്കൽ ചെറുകാവിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ആഭരണങ്ങൾ എന്തുചെയ്തുവെന്ന കാര്യത്തിൽ സഫർനാസ് പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. മറ്റ് വ്യാപാരികൾ വിൽക്കാൻ ഏൽപ്പിച്ച സ്വർണവുമായാണ് ജൂലൈ 28ന് സഫർനാസ് കടന്നുകളഞ്ഞത്. ഏകദേശം 1,39,35,747 രൂപ വിലവരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
സഫർനാസിന്റെ സഹോദരൻ ഷഫീഖിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സഫർനാസിന് ഒളിവിൽ കഴിയാൻ സഹായം നൽകിയതിനാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. സഹോദരന്റെ അറിവോടെയാണ് സഫർനാസ് മലപ്പുറത്ത് താമസിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഫർനാസിനെ പിടികൂടിയത്. ഇയാൾക്ക് ഒളിയിടം ഒരുക്കിയെന്ന് സംശയിക്കുന്ന വെള്ളയിൽ സ്വദേശിയായ തൊഴിലാളി നേതാവിനായുള്ള അന്വേഷണം തുടരുകയാണ്.


