തിരുവനന്തപുരം: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, കൊടിമരങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടിക്ക് നിർദേശം. ഇവ നീക്കം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ തുടങ്ങിയ ഇടങ്ങളിൽ ബോർഡുകളും മറ്റ് പ്രചാരണ വസ്തുക്കളും സ്ഥാപിക്കാൻ പാടില്ലെന്നാണ് നിർദേശം. നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ളവ അടിയന്തരമായി നീക്കം ചെയ്യണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
നീക്കം ചെയ്യുന്ന ഓരോ പ്രചാരണ വസ്തുവിനും 5,000 രൂപ വീതം പിഴ ചുമത്തണം. ഇവ നീക്കം ചെയ്യുന്നതിനും ഹോൾഡിങ് ഏരിയയിലേക്ക് മാറ്റുന്നതിനും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമുള്ള ചെലവും ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണം. ഉത്തരവാദികൾക്കെതിരെ നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
അനധികൃത ബോർഡുകളും മറ്റ് പ്രചാരണ വസ്തുക്കളും നീക്കം ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യുന്നത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ വ്യക്തിഗത ഉത്തരവാദിത്തമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. പിഴ ഈടാക്കുന്നതിൽ വീഴ്ച വരുത്തിയാൽ സെക്രട്ടറിമാരിൽ നിന്ന് തന്നെ തുക ഈടാക്കുമെന്നും നിർദേശത്തിൽ പറയുന്നു.
ബോർഡുകളും മറ്റ് അനധികൃത പ്രചാരണ വസ്തുക്കളും നീക്കം ചെയ്യുന്ന ഘട്ടത്തിൽ ആവശ്യമായ സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.


