പാലക്കാട്: ട്രെയിനിൽ യാത്രക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടിടിഇ അറസ്റ്റിൽ. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ടിടിഇയും കൊല്ലം കടയ്ക്കൽ സ്വദേശിയുമായ ഷിജു (47)വിനെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് നിസാമുദ്ദീൻ എക്സ്പ്രസിലായിരുന്നു സംഭവം. ഭർത്താവിനൊപ്പമായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. എന്നാൽ ഇരുവർക്കും രണ്ടിടങ്ങളിലായാണ് സീറ്റ് ലഭിച്ചത്. യാത്രയ്ക്കിടെ ടിടിഇ അടുത്തെത്തുകയും ശരീരത്തിൽ കടന്നുപിടിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. തൃശ്ശൂരിനും വള്ളത്തോൾ നഗർ സ്റ്റേഷനും ഇടയിൽവച്ചാണ് സംഭവം നടന്നതെന്നാണ് പരാതി.
സംഭവത്തിന് പിന്നാലെ യുവതി റെയിൽവേ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് ടിടിഇയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


