പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രണ്ട് വ്യത്യസ്ത പരിശോധനകളിലായി 98 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പൊലീസും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ചേർന്ന് ട്രെയിനിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തുന്നതിനിടെയാണ് 27 കിലോ കഞ്ചാവ് കണ്ടെത്തിയത്. വിവേക് എക്സ്പ്രസിന്റെ ജനറൽ കോച്ചിലെ ശുചിമുറിയിൽ രണ്ട് ബാഗുകളിലായാണ് കഞ്ചാവ് കണ്ടെത്തിയത്.
ബാഗുകൾ ഉടമസ്ഥനില്ലാത്ത നിലയിലായിരുന്നു. ബാഗുകളുടെ ഉടമയെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആരും അവകാശപ്പെട്ടില്ല. തുടർന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ ബാഗുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് കണ്ടെത്തിയത്.
മറ്റൊരു സംഭവത്തിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 71 കിലോ കഞ്ചാവ് പിടികൂടി. ട്രെയിൻ മാർഗം കഞ്ചാവ് കടത്താൻ ശ്രമിച്ച നാല് പേരാണ് പിടിയിലായത്.
പശ്ചിമ ബംഗാൾ സ്വദേശികളായ നുർ ഇസ്ലാം (20), തോജമൽ (36), മന്നൻ മുല്ല (38), മൈനൂൽ ഇസ്ലാം (21) എന്നിവരാണ് അറസ്റ്റിലായത്. ആർ.പി.എഫും പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.


