ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിലെ ചേരി പ്രദേശങ്ങൾ തുണികെട്ടി മറച്ചതായി ആരോപണം. വസന്ത് വിഹാറിലെ ചേരി പ്രദേശമാണ് വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിൽ തുണികൊണ്ട് മറച്ചത്. വിദേശ രാജ്യതലവന്മാർ ഉൾപ്പെടെയുള്ള ഉന്നത പ്രതിനിധികൾ ഇതുവഴി കടന്നുപോകുന്നതിനാലാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. ചേരികൾ തുണികൊണ്ട് മറയ്ക്കാനാകുമെങ്കിലും സത്യത്തെ മറയ്ക്കാനാകില്ലെന്നാണ് എഎപിയുടെ വിമർശനം. നടപടിയെ പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂണും പാർട്ടി പങ്കുവെച്ചു.
‘വിഷൻ 2024’ എന്ന് എഴുതിയ കണ്ണാടിയിൽ നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുള്ള വ്യക്തി നോക്കിനിൽക്കുന്ന തരത്തിലാണ് കാർട്ടൂൺ. വ്യക്തിയുടെ ശരീരത്തിലെ ജിഡിപി എന്ന് രേഖപ്പെടുത്തിയ ഭാഗം കണ്ണാടിയിൽ ഭംഗിയായി പ്രതിഫലിക്കുന്നതായും മറ്റ് ഭാഗങ്ങൾ പഴകി കീറിയ നിലയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
2.6 ശതമാനം ജിഡിപി വളർച്ച 7.8 ശതമാനമായി കാണിച്ചതുപോലെ യാഥാർഥ്യം മറച്ചുവെച്ചാൽ അത് സത്യമായി മാറില്ല എന്ന തരത്തിലാണ് എഎപിയുടെ വിമർശനം.
സെപ്റ്റംബർ 12, 13 തീയതികളിലാണ് പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടി ഡൽഹിയിൽ നടക്കുന്നത്. ഉച്ചകോടിക്കായി വിവിധ രാജ്യങ്ങളിലെ നേതാക്കൾ തലസ്ഥാനത്ത് എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രധാന പാതയോരങ്ങളിലെ ചേരികളും അനധികൃത കുടിയേറ്റ കേന്ദ്രങ്ങളും വിദേശ പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സ്ക്രീനുകൾ, പച്ചനിറത്തിലുള്ള മറകൾ, മറ്റ് നിർമിതികൾ എന്നിവ ഉപയോഗിച്ച് മറയ്ക്കുന്ന രീതി നേരത്തെയും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ഡൽഹിയിൽ ഉന്നതതല അന്താരാഷ്ട്ര പരിപാടികൾ നടക്കുന്നതിന് മുന്നോടിയായി ഇത്തരം നടപടികൾ സ്വീകരിച്ചിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. വിദേശ നേതാക്കളുടെ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിന്റെ ‘മുഖം മിനുക്കാനുള്ള’ നടപടികളുടെ ഭാഗമായാണ് ഇതിനെ വിമർശകർ കാണുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദ് സന്ദർശിച്ചപ്പോഴും ചേരികൾ മറയ്ക്കാൻ കൂറ്റൻ മതിൽ നിർമിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു.


