പാലക്കാട്: വടക്കഞ്ചേരി– മണ്ണുത്തി ദേശീയപാതയിൽ വാണിയംപാറയിൽ ബസ് കാത്തുനിന്ന നാല് പേരെ കാർ ഇടിച്ചുതെറിപ്പിച്ച് ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാഖാണ് മരിച്ചത്. റസാഖിന്റെ ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം.
തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നാട്ടുകാർ ഉടൻ പരിക്കേറ്റവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ റസാഖിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടവുമായി ബന്ധപ്പെട്ട് കാറും ഡ്രൈവറെയും വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.




