മലപ്പുറം: സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ. രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി ഇസ്ലാമിക നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കാന്തപുരം വ്യക്തമാക്കി. ആരുടെയും അഭിപ്രായമോ ഇഷ്ടമോ പരിഗണിച്ചല്ല പണ്ഡിതന്മാർ മതവിധികൾ പറയുന്നത്. സമസ്ത മുന്നോട്ടുവച്ചിട്ടുള്ള നിലപാടുകളെല്ലാം കൃത്യമായി ആലോചിക്കുകയും പരിശോധിക്കുകയും ചെയ്ത ശേഷമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത പണ്ഡിതന്മാർക്ക് ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ പിന്നീട് തിരുത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. മലപ്പുറം ചെമ്മാട് ഖുത്തുബുസ്സമാൻ സ്കൂളിൽ നടന്ന സമസ്ത സെന്റിനറി സ്വാഗതസംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യപുരുഷന്മാർക്കിടയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ നേരത്തെ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. നബിദിന റാലിയുടെ ഭാഗമായി വിവിധയിടങ്ങളിൽ സ്ത്രീകൾ ആൾക്കൂട്ടത്തിനിടയിൽ പങ്കെടുത്തതാണ് കാന്തപുരത്തെ പ്രകോപിപ്പിച്ചതെന്നാണ് വിമർശനം.
മതാഘോഷങ്ങളിൽ അതിർവരമ്പുകൾ ലംഘിക്കരുതെന്നും പരിപാടികൾ ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. നിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിച്ചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർക്കുലറിൽ നിർദേശിച്ചിരുന്നു.
സർക്കുലറിനെതിരെ വിവിധ മേഖലകളിൽനിന്ന് രൂക്ഷ വിമർശനം ഉയർന്നിരുന്നു. സ്ത്രീവിരുദ്ധ പരാമർശത്തിൽ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു.












