മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ പ്രോ വൈസ് ചാൻസലർ നിയമനത്തിൽ ഗുരുതര ചട്ടലംഘനമുണ്ടായെന്ന ആരോപണത്തിൽ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ലീഗ് നോമിനിയായ ഡോ. പി. റഷീദ് അഹമ്മദിന്റെ നിയമനത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടില്ലെന്ന് വകുപ്പ് വ്യക്തമാക്കി. സർക്കാർ അനുമതിയില്ലാതെ നിയമന നടപടികൾ സ്വീകരിച്ചതിൽ വൈസ് ചാൻസലറോട് വിശദീകരണം തേടി. എയ്ഡഡ് കോളേജ് അധ്യാപകനായ റഷീദ് അഹമ്മദിന് ഡെപ്യൂട്ടേഷൻ അനുവദിച്ചത് മുൻകൂർ സർക്കാർ അനുമതിയില്ലാതെയാണെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ.
വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ബി വിഭാഗം സർവകലാശാലാ രജിസ്ട്രാർക്കും കരുവാരക്കുണ്ട് കെ.ടി.എം കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മാനേജർക്കും കത്തയച്ചിട്ടുണ്ട്. എയ്ഡഡ് കോളേജായ കെ.ടി.എം കോളേജിലെ പ്രൊഫസർ ഡോ. പി. റഷീദ് അഹമ്മദിനെ മാതൃസ്ഥാപനത്തിൽനിന്ന് വിടുതൽ ചെയ്ത് പ്രോ വൈസ് ചാൻസലറായി ചുമതലയേൽക്കാൻ അനുവദിച്ചത് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിയമനത്തിന് സർക്കാരിന്റെ അനുമതി ആവശ്യമായിരിക്കെ അതില്ലാതെ നടപടികൾ സ്വീകരിച്ചത് എങ്ങനെയെന്ന് വിശദീകരിക്കണമെന്നാണ് നിർദേശം. സർക്കാർ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ എന്ത് അടിസ്ഥാനത്തിലാണ് നിയമന നടപടികൾ പൂർത്തിയാക്കിയതെന്നും ആരുടെ അധികാരത്തിലാണ് റിലീവിങ്, ജോയിനിങ് ഉത്തരവുകൾ പുറപ്പെടുവിച്ചതെന്നും വ്യക്തമാക്കണമെന്ന് അണ്ടർ സെക്രട്ടറി എസ്.സി. ഷിബു നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, നിയമനം നിയമവിരുദ്ധമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിലൂടെ വ്യക്തമായ സാഹചര്യത്തിൽ പ്രോ വൈസ് ചാൻസലർ ഡോ. റഷീദ് അഹമ്മദും വൈസ് ചാൻസലറും രാജിവയ്ക്കണമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. സിന്‍ഡിക്കേറ്റ് തുടക്കം മുതൽ ഉന്നയിച്ച വാദങ്ങൾ സർക്കാർ നടപടിയിലൂടെ ശരിവെക്കപ്പെട്ടിരിക്കുകയാണെന്ന് ഇടത് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
സിന്‍ഡിക്കേറ്റ് യോഗത്തിന്റെ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി അതിവേഗത്തിലാണ് വൈസ് ചാൻസലർ നിയമനം കൊണ്ടുവന്നതെന്നും ഇടത് അംഗങ്ങൾ ആരോപിച്ചു. ശക്തമായ എതിർപ്പ് ഉയർത്തിയിട്ടും ഭൂരിപക്ഷത്തിന്റെ ബലത്തിൽ ഒറ്റവരി തീരുമാനം വായിച്ച് നിയമവിരുദ്ധമായി റഷീദ് അഹമ്മദിനെ സ്ഥാനത്തിരുത്തുകയായിരുന്നുവെന്നും ഇവർ കുറ്റപ്പെടുത്തി.
എയ്ഡഡ് കോളേജ് അധ്യാപകനെ മറ്റൊരു സ്ഥാപനത്തിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് നിശ്ചിത നടപടിക്രമങ്ങളുണ്ട്. സർവകലാശാല നിയമന ഉത്തരവ് പുറപ്പെടുവിച്ചശേഷം കോളേജ് മാനേജരുടെ നിരാക്ഷേപപത്രം നേടണം. തുടർന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മുഖേന സർക്കാർ അനുമതി ലഭിച്ച ശേഷമേ അധ്യാപകനെ മാതൃസ്ഥാപനത്തിൽനിന്ന് വിടുതൽ ചെയ്യാൻ പാടുള്ളൂ.
എന്നാൽ സിന്‍ഡിക്കേറ്റ് യോഗം നടന്ന ദിവസം തന്നെ വൈകിട്ട് മൂന്നുമണിയോടെ തിടുക്കത്തിൽ നിയമന ഉത്തരവിറക്കുകയായിരുന്നുവെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. എം.ബി. ഫൈസൽ, പ്രൊഫ. ഡോ. ടി. മുഹമ്മദ് സലീം, പ്രൊഫ. ഡോ. മുഹമ്മദ് ഹനീഫ, ഡോ. കെ. പ്രദീപ്കുമാർ, പി.പി. സുമോദ് എം.എൽ.എ, ഡോ. പി. സുശാന്ത് എന്നിവർ പ്രസ്താവനയിൽ ആരോപിച്ചു.


