തിരുവനന്തപുരം: കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയ ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ ഒത്തുതീർപ്പ്. രമ്യ ഹരിദാസ് എം.എൽ.എയും കോൺഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ തർക്കത്തിനാണ് ഒടുവിൽ സമവായമായത്. പാളയം പ്രദീപിന്റെയും എസ്. സജാദിന്റെയും സസ്പെൻഷൻ പിൻവലിച്ചു. അതേസമയം, പ്രാദേശിക നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് രമ്യ ഹരിദാസ് പാർട്ടിക്ക് ഉറപ്പുനൽകി. കെ.പി.സി.സി പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. എന്നാൽ പാളയം പ്രദീപിന് ചിറയിൻകീഴ് മണ്ഡലത്തിൽ ഏർപ്പെടുത്തിയ വിലക്ക് തുടരും.
വിവാദത്തിൽ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ചുകൊണ്ട് പ്രശ്നം ഒത്തുതീർപ്പാക്കാനായിരുന്നു കെ.പി.സി.സി നേതൃത്വത്തിന്റെ നീക്കം. വ്യാപകമായ പരാതികൾ ഉയർന്നിട്ടും എം.എൽ.എക്കെതിരെ നടപടി വേണ്ടെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. എതിർവിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കുന്നതിനായി പാളയം പ്രദീപിനെ എം.എൽ.എയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തരുതെന്ന നിർദേശവും രമ്യയ്ക്ക് നൽകിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെയും പ്രാദേശിക നേതൃത്വത്തിന്റെയും നിർദേശങ്ങൾ മറികടന്ന് സമവായ നീക്കങ്ങളെ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് രമ്യയുടെ ഭാഗത്തുനിന്നുണ്ടായത്.
പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് കത്ത് നൽകിയിരുന്നു. മേയ് 21 മുതൽ പ്രദീപ് തന്റെ സ്റ്റാഫിലുണ്ടെന്നും അതേ തീയതി അടിസ്ഥാനമാക്കി പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്നുമായിരുന്നു ആവശ്യം. സ്പീക്കറുടെ ഓഫീസിൽ ആദ്യം സമർപ്പിച്ച കത്ത് നിയമസഭാ സെക്രട്ടറിക്ക് നൽകണമെന്ന് നിർദേശിച്ച് മടക്കിനൽകി. സെക്രട്ടറി അവധിയിലായതിനാൽ കത്ത് ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു. വിവാദം ശക്തമായതോടെ കത്ത് പിൻവലിക്കാൻ എം.എൽ.എയുടെ ഓഫീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
പാളയം പ്രദീപ് നേരത്തേ മുതൽ തന്റെ സ്റ്റാഫിലുണ്ടായിരുന്നുവെന്ന രമ്യയുടെയും പ്രദീപിന്റെയും വാദങ്ങളും ഇതിനിടെ ചോദ്യം ചെയ്യപ്പെട്ടു. ഒടുവിൽ കെ.പി.സി.സി നേതൃത്വം നിലപാട് കടുപ്പിച്ചതോടെയാണ് രമ്യ ഹരിദാസ് പാർട്ടിയുടെ നിർദേശങ്ങൾക്ക് വഴങ്ങിയത്.
ചിറയിൻകീഴിൽ രമ്യ ഹരിദാസ് എം.എൽ.എയും കോൺഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കോൺഗ്രസ് നേതാവിന്റെ വീട്ടിൽവച്ചാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ എം.എൽ.എയ്ക്ക് വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി യോഗത്തിലും നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. വിവാദത്തിന് പിന്നാലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ രണ്ട് ഇടങ്ങളിൽ കോൺഗ്രസ് പരാജയപ്പെടുകയും ചെയ്തു.


