ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദീര്‍ഘവീക്ഷണത്തോടെയും തന്ത്രപ്രധാനമായ കാഴ്ചപ്പാടോടെയും കാണണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇരുരാജ്യങ്ങള്‍ക്കും പരസ്പരമുള്ള കരുത്ത് തിരിച്ചറിഞ്ഞ് അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഒരുമിച്ച് മുന്നേറാന്‍ കഴിയുമെന്ന് ഡല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി. 7 വര്‍ഷത്തിനിടെ ചൈനീസ് പ്രസിഡന്റിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി വളരാന്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി. ജൂണ്‍ 15ന് തന്റെ ജന്മദിനത്തിലാണ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിച്ചതെന്ന് ഷി ജിന്‍പിങ് വെളിപ്പെടുത്തി.
തന്ത്രപരമായ കാഴ്ചപ്പാടോടെയാണ് ചൈന എപ്പോഴും ഇന്ത്യയുമായുള്ള ബന്ധത്തെ നോക്കിക്കാണുന്നത്. ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും, നമുക്ക് പരസ്പരം പിന്തുണയ്ക്കാനും ഒന്നിച്ചു വിജയം കൈവരിക്കാനും പൊതുവായ വികസനം സാധ്യമാക്കാനും കഴിയുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു
ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളും, ഗ്ലോബല്‍ സൗത്തിലെ പ്രധാന അംഗങ്ങളുമായ ഇന്ത്യയും ചൈനയും മാനവികതയുടെ ഭാവിയെ മുന്‍നിര്‍ത്തി വലിയ ഉത്തരവാദിത്തങ്ങള്‍ തോളിലേറ്റേണ്ടതുണ്ടെന്ന് ഷി ചിന്‍പിങ് ഓര്‍മിപ്പിച്ചു. തുല്യതയുള്ള ഒരു ബഹുധ്രുവ ലോകത്തിനായി ഇരുരാജ്യങ്ങളും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












