ദുബായ്: ഇത്തിഹാദ് റെയില്‍ ശൃംഖലയുമായി ബന്ധിപ്പിച്ച് ദുബൈയില്‍ 4 റെയില്‍വേ സ്റ്റേഷനുകള്‍ വരുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഇതില്‍ 2 സ്റ്റേഷനുകള്‍ അബുദാബിക്കും ദുബായ്ക്കുമിടയില്‍ പുതുതായി നിര്‍മിക്കുന്ന അതിവേഗ റെയില്‍ (ഹൈസ്പീഡ് റെയില്‍) പദ്ധതിയുടെ ഭാഗമായിരിക്കും.
ഇത്തിഹാദ് റെയില്‍ സര്‍വീസും വരാനിരിക്കുന്ന ദുബായ്-അബുദാബി അതിവേഗ ട്രെയിനും മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. റെയില്‍ വഴി ദുബായിലെത്തുന്ന യാത്രക്കാര്‍ക്ക് വിവിധ മെട്രോ ലൈനുകളിലേക്ക് എളുപ്പത്തില്‍ മാറി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടരാന്‍ ഇതിലൂടെ സാധിക്കും. അതിവേഗ ട്രെയിന്‍ സര്‍വീസിന് ദുബായില്‍ രണ്ട് സ്റ്റേഷനുകളുണ്ടാകും. അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍ ജദ്ദാഫിലുമാണ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്.
പൂര്‍ണമായും വൈദ്യുതീകരിച്ച പ്രത്യേക ശൃംഖലയിലൂടെ പ്രവര്‍ത്തിക്കുന്ന അതിവേഗ തീവണ്ടി സര്‍വീസ് ആരംഭിക്കുന്നതോടെ ദുബൈയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം ഏകദേശം 30 മിനിറ്റായി കുറയും. ഖെയില്‍ റോഡിന് സമാന്തരമായാണ് ഈ അതിവേഗ റെയില്‍ പാത കടന്നുപോകുന്നത്.


