തിരുവനന്തപുരം: വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിഷയത്തിലും സംസ്ഥാന സർക്കാരിന്റെ പുതിയ സരൾ നിയമത്തിനെതിരെയും ഗുരുതര ആരോപണങ്ങളുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ജി.എൻ.എ വഴി കരാർ നടപ്പാക്കിയാൽ വൈദ്യുതി ബോർഡിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതിനാലാണ് ബോർഡ് അതിൽ നിന്ന് പിന്മാറിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനാവശ്യ താൽപര്യം കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വൈദ്യുതി ബോർഡിന് താൽപര്യമില്ലാത്ത കരാറിനായി മുഖ്യമന്ത്രി എന്തിനാണ് ഇത്രയും വാശി കാണിക്കുന്നതെന്ന് ടി.പി. രാമകൃഷ്ണൻ ചോദിച്ചു. കുറഞ്ഞ നിരക്കിൽ കരാർ വാഗ്ദാനം ചെയ്ത കമ്പനികളെ ഒഴിവാക്കിയതും എതിർപ്പ് പ്രകടിപ്പിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ മാറ്റിയതും മുഖ്യമന്ത്രിയുടെ നിർബന്ധബുദ്ധിയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
തണ്ണീർത്തട-നെൽവയൽ നിയമത്തിന് വിരുദ്ധമായ സരൾ നിയമം സംസ്ഥാനത്ത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നവംബർ 26ന് എൽഡിഎഫ് മണ്ഡലം കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ പി.എസ്.സിയെ തകർക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിനെ സംരക്ഷിക്കാനാണ് എൽഡിഎഫ് നിലകൊള്ളുന്നതെന്നും ടി.പി. രാമകൃഷ്ണൻ ആരോപിച്ചു.
അതേസമയം, നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പദവി സി.പി.എമ്മിന് തന്നെ വേണമെന്നാണ് സി.പി.എം നിലപാടെന്നാണ് വിവരം. ഈ വിഷയത്തിലെ അഭിപ്രായവ്യത്യാസമാണ് സി.പി.ഐയുടെ പാർലമെന്ററി പാർട്ടി യോഗത്തിലെ നിസ്സഹകരണത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ട് ‘ചിന്ത’ വാരികയിൽ സി.പി.ഐക്കെതിരെ വന്ന വിമർശനം വലിയ പ്രശ്നമല്ലെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്നതാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. സി.പി.എമ്മും സി.പി.ഐയും ഒന്നിച്ചാണ് പുന്നപ്ര-വയലാർ വാർഷികം ആചരിച്ചത്. മുന്നണിയിൽ സി.പി.ഐ ഇത്തരമൊരു വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഇരുപാർട്ടികൾക്കുമിടയിൽ വലിയ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




