പാലക്കാട്: പാലക്കാട് തൃത്താല മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി. മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ 15 പേരാണ് രാജിവെച്ചത്. മന്ത്രിമാരുടെ സ്റ്റാഫ് നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മണ്ഡലം കമ്മിറ്റിയുടെ നിർദേശങ്ങൾ അവഗണിച്ചെന്നാരോപിച്ചാണ് രാജി.
മണ്ഡലം കമ്മിറ്റി നിർദേശിച്ച വ്യക്തിക്ക് മന്ത്രിയുടെ സ്റ്റാഫ് നിയമനത്തിൽ പരിഗണന ലഭിച്ചില്ലെന്നാണ് പ്രധാന പരാതി. ബിആർസി നിയമനത്തിലും തൃത്താല മണ്ഡലം കമ്മിറ്റിയുടെ നിർദേശം പരിഗണിച്ചില്ലെന്നും ഭാരവാഹികൾ ആരോപിക്കുന്നു.
ഇതു സംബന്ധിച്ച് തൃത്താല മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്. പാലക്കാട് ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് കത്തിലുള്ളത്. നിയോജകമണ്ഡലം ഭാരവാഹികൾ എല്ലാവരും രാജിവെച്ച വിവരം പ്രസിഡന്റിനെയും സെക്രട്ടറിയെയും മണ്ഡലം നിരീക്ഷകനെയും അറിയിച്ചിട്ടും വിഷയത്തിൽ അന്വേഷണം നടത്താൻ പോലും നേതൃത്വം തയ്യാറായില്ലെന്നാണ് പരാതിയിലെ ആരോപണം.
പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലം കമ്മിറ്റിക്ക് ലഭിക്കേണ്ടിയിരുന്ന ആറ് ലക്ഷം രൂപ സംബന്ധിച്ച് ജില്ലാ കമ്മിറ്റിയിൽ പലതവണ ചർച്ച നടത്തിയിട്ടും തുടർനടപടി ഉണ്ടായില്ലെന്നും കത്തിൽ പറയുന്നു.
ഭരണം ലഭിച്ചതിന് പിന്നാലെ മന്ത്രി സ്റ്റാഫിലേക്ക് തൃത്താല നിയോജകമണ്ഡലത്തിൽ നിന്നുള്ള അഡ്വ. ബഷീറിന്റെ പേര് ഒന്നാം പരിഗണനയായി ജില്ലാ കമ്മിറ്റി നൽകിയതായി അറിയിച്ചിരുന്നുവെന്നും എന്നാൽ അന്തിമ പട്ടിക പുറത്തുവന്നപ്പോൾ മണ്ഡലം കമ്മിറ്റി അപമാനിക്കപ്പെട്ട നിലയിലായെന്നും കത്തിൽ ആരോപിക്കുന്നു.
പുതിയ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും നേതൃത്വത്തിനെതിരെ പരാതിയുണ്ട്. പഞ്ചായത്ത്–മണ്ഡലം കമ്മിറ്റികളെ പരിഹസിച്ചുവെന്നാരോപിക്കുന്ന പരുതൂർ ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കരുതെന്ന് ജില്ലാ കമ്മിറ്റിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫണ്ട് നൽകിയതിന്റെ പേരിൽ അതേ സ്കൂളിന് പ്ലസ് ടു അനുവദിച്ചെന്നാണ് കത്തിലെ ആരോപണം.
തൃത്താല ബിആർസിയിൽ എം.എൻ. നൗഷാദ് മാസ്റ്ററെ ബിപിസിയായി നിയമിക്കണമെന്ന നിയോജകമണ്ഡലം കമ്മിറ്റിയുടെ തീരുമാനവും അവഗണിക്കപ്പെട്ടതായി ഭാരവാഹികൾ ആരോപിക്കുന്നു.
ഇത്തരം വിഷയങ്ങളിൽ തൃത്താല നിയോജകമണ്ഡലം കമ്മിറ്റി തുടർച്ചയായി അവഗണിക്കപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് മണ്ഡലം ഭാരവാഹികൾ രാജിവെച്ചതെന്നും രാജിവെച്ച ഭാരവാഹികൾക്ക് ഐകകണ്ഠ്യേന പിന്തുണ പ്രഖ്യാപിക്കുന്നതായും കത്തിൽ വ്യക്തമാക്കുന്നു.


