ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അഞ്ച് പേരെ നൂറനാട് പൊലീസ് പിടികൂടി. കൊലപാതകശ്രമം, ഭവനഭേദനം തുടങ്ങിയ കേസുകളിൽ പ്രതികളായവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ. ഐപിഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നടപടി.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്, പൂജപ്പുര പൊലീസ് സ്റ്റേഷൻ പരിധികളിൽ ഗുരുതര കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ ഓരോരുത്തരുടെയും പേരിൽ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
നരുവാംമൂട് സ്വദേശി മിഥുൻ (29), പേയാട് സ്വദേശി അമൽ (28), തിരുമല സ്വദേശി നന്ദു (23), വെളിയന്നൂർ സ്വദേശി ഫെബിൻ, നരുവാംമൂട് സ്വദേശി അനന്ദു എന്നിവരാണ് പിടിയിലായത്. മിഥുനും അമലും കാപ്പാ നിയമപ്രകാരം നടപടികൾ നേരിട്ടിട്ടുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. കാപ്പാ തടങ്കലിൽ കഴിഞ്ഞിരുന്ന ഇരുവരും താമരക്കുളം സ്വദേശിയായ ശരത്തിനൊപ്പം ഇവിടെ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ഓണത്തിനിടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശരത്തിനെ ആക്രമിച്ചവരെ തിരിച്ചാക്രമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണോ ഇവർ താമരക്കുളത്ത് എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നൂറനാട് സിഐ ശ്രീജിത്ത് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വീട് വളഞ്ഞ് പ്രതികളെ പിടികൂടിയത്.


