തിരുവനന്തപുരം: നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് പിന്തുണയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. നഗരത്തിലെ വർധിച്ചുവരുന്ന മലിനീകരണവും ചൂടും മൃഗങ്ങളുടെ ആരോഗ്യത്തെയും സ്വാഭാവിക ആവാസവ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു.
160 വർഷങ്ങൾക്ക് മുമ്പ് മൃഗശാല സ്ഥാപിച്ചപ്പോഴുണ്ടായിരുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് മേയർ ചൂണ്ടിക്കാട്ടി. നഗരത്തിലെ ഗതാഗതക്കുരുക്കും തുടർച്ചയായ വാഹന ഹോൺ ശബ്ദവും മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതിനും അവയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനും മൃഗശാല നഗരത്തിന് പുറത്തേക്ക് മാറ്റുന്നത് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൃഗങ്ങൾ കൂടുകളിൽ നിന്ന് പുറത്തുകടന്ന സംഭവങ്ങൾ ഉൾപ്പെടെ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. മൃഗങ്ങൾക്ക് രോഗബാധയുണ്ടാകുന്ന സാഹചര്യങ്ങളിൽ സമീപത്ത് താമസിക്കുന്ന ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു.
മൃഗശാല മാറ്റിയ ശേഷം നിലവിലെ സ്ഥലം പച്ചപ്പ് നിലനിർത്തിക്കൊണ്ട് ജനങ്ങൾക്ക് സമയം ചെലവഴിക്കാൻ കഴിയുന്ന പൊതുസ്ഥലമാക്കി മാറ്റണമെന്നും മേയർ ആവശ്യപ്പെട്ടു. ഏകദേശം 36 ഏക്കർ വിസ്തൃതിയിലാണ് നിലവിൽ തിരുവനന്തപുരം മൃഗശാല പ്രവർത്തിക്കുന്നത്.
സ്ഥലപരിമിതി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മൃഗശാല നഗരത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യം നേരത്തെയും ഉയർന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല.
നിലവിലെ മൃഗശാലയുടെ സ്ഥാനം അനുയോജ്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നഗരമധ്യത്തിലെ മൃഗശാല മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയ്ക്ക് തുല്യമാണെന്നും വനമേഖലയോട് ചേർന്ന നെയ്യാർ പോലുള്ള പ്രദേശത്തേക്ക് മൃഗശാല മാറ്റുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.




