കൊച്ചി: ‘ഓപ്പറേഷൻ ഡൊമിനോ’യുടെ ഭാഗമായി അന്തർസംസ്ഥാന കൊക്കെയ്ൻ കടത്ത് ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി സോണൽ യൂണിറ്റ്. യുഎഇയിൽനിന്ന് നാടുകടത്തപ്പെട്ട മൂന്ന് പേരും രണ്ട് വിദേശികളും ഉൾപ്പെടെ ഏഴ് പേരെയാണ് എൻസിബി പിടികൂടിയത്. ഇവരിൽനിന്ന് 16.55 ലക്ഷം രൂപ വിലമതിക്കുന്ന 33.1 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.
മയക്കുമരുന്ന് കേസുകളിൽപ്പെട്ട് യുഎഇയിൽനിന്ന് നാടുകടത്തപ്പെട്ടവരെ കേന്ദ്രീകരിച്ച് എൻസിബി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 10ന് കോഴിക്കോട് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽനിന്ന് പഞ്ചാബ് കപൂർത്തല സ്വദേശി ഗുർപ്രീത് സിങ്, കോഴിക്കോട് ബേപ്പൂർ സ്വദേശി ഹംദാൻ അഹമ്മദ്, അരക്കിണർ സ്വദേശി അഫ്ലഹ് പി. എന്നിവരെ 8.12 ഗ്രാം കൊക്കെയ്നുമായി അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽനിന്നാണ് ലഹരിവസ്തുക്കൾ വാങ്ങിയതെന്ന് ഇവർ സമ്മതിച്ചതായി എൻസിബി അറിയിച്ചു.
ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 10ന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന സിദ്ധാർഥ് ദാമോറിനെയും എൻസിബി കസ്റ്റഡിയിലെടുത്തു. ഊട്ടിയിൽ റിസോർട്ട് ഉടമയായ സിദ്ധാർഥ് കേരളത്തിലെ ഡിജെ പാർട്ടികളിൽ സജീവമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
തുടർന്നുള്ള അന്വേഷണത്തിലാണ് ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി അരുൺ രാജ്കുമാർ ലഹരി വിതരണത്തിലെ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയത്. വിദേശികളിൽനിന്ന് കൊക്കെയ്ൻ ശേഖരിച്ച് മറ്റ് ലഹരി വിൽപനക്കാർക്കും ഉപഭോക്താക്കൾക്കും എത്തിച്ചിരുന്നത് അരുൺ രാജ്കുമാറാണെന്നാണ് എൻസിബിയുടെ കണ്ടെത്തൽ.
നൈജീരിയൻ പൗരയായ ചിസോബ ഹെലൻ ആന്റണി, സിംബാബ്വെ പൗരനായ മുഫുകാരെ വിറ്റാലിസ് തദിസ്വനാഷെ എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേർ. സെപ്റ്റംബർ 12, 13 തീയതികളിൽ ബെംഗളൂരുവിൽനിന്നാണ് ഇരുവരെയും പിടികൂടിയത്. മെഡിക്കൽ അറ്റൻഡന്റ് വിസയിൽ ഇന്ത്യയിലെത്തി 10 വർഷമായി അനധികൃതമായി തുടരുകയായിരുന്ന ചിസോബയുടെ പക്കൽനിന്ന് 16 ഗ്രാം കൊക്കെയ്നും സ്റ്റുഡന്റ് വിസയിലെത്തി രണ്ട് വർഷമായി അനധികൃതമായി തുടരുകയായിരുന്ന മുഫുകാരെയുടെ പക്കൽനിന്ന് 8.98 ഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു.
സിദ്ധാർഥ് ദാമോർ, ഹംദാൻ അഹമ്മദ്, അഫ്ലഹ് എന്നിവർ നേരത്തെ യുഎഇയിൽ മയക്കുമരുന്ന് കേസിൽ തടവുശിക്ഷ അനുഭവിച്ച് നാടുകടത്തപ്പെട്ടവരാണെന്ന് എൻസിബി വ്യക്തമാക്കി. തടവുകാലത്ത് പരിചയപ്പെട്ട അഫ്ലഹ്, ഗുർപ്രീത്, സിദ്ധാർഥ് എന്നിവർ ചേർന്നാണ് പുതിയ ലഹരി ശൃംഖല രൂപീകരിക്കാൻ ശ്രമിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്തി തകർക്കാനുള്ള നടപടികൾ തുടരുകയാണെന്ന് എൻസിബി അറിയിച്ചു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് ‘മാനസ്’ ടോൾ ഫ്രീ നമ്പറായ 1933ൽ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻസിബി അറിയിച്ചു.




