ടോക്യോ: ലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുകയാണ്. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ നൂറ് വയസ്സ് കഴിഞ്ഞ 1,07,677 ആളുകളാണ് ജപ്പാനിലുള്ളത്. നൂറ് കടന്നവർ ലോകത്തിൽ ഏറ്റവും കൂടുതലുളളതും ജപ്പാനിൽ തന്നെ. കഴിഞ്ഞ വർഷത്തേക്കാൾ 7,914 പേരുടെ വർധനവാണിത്.
ജപ്പാനിൽ 100 വയസ്സ് പിന്നിട്ടവരുടെ എണ്ണം തുടർച്ചയായി ഉയരുന്നത് ഇതാദ്യമായല്ല. 1963-ൽ സർക്കാർ ഈ കണക്ക് ശേഖരിക്കാൻ തുടങ്ങിയപ്പോൾ രാജ്യത്ത് 100 വയസ്സ് പിന്നിട്ടവർ 153 പേർ മാത്രമായിരുന്നു. 1998-ൽ ഈ എണ്ണം 10,000 കടന്നു. ഇപ്പോൾ 107,677 ആയി ഉയർന്നിരിക്കുകയാണ്. അതായത്, 1963 മുതൽ കണക്കുകൾ ലഭ്യമായ കാലയളവിൽ 56 വർഷം തുടർച്ചയായി സെഞ്ചുറിയന്മാരുടെ എണ്ണം വർധിച്ചു.
100 വയസ്സ് തികഞ്ഞവരിൽ 88 ശതമാനവും സ്ത്രീകളാണ്. ജപ്പാനിലെ സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യം ഏകദേശം 87 വയസ്സും പുരുഷന്മാരുടേത് 81 വയസ്സുമാണ്. ക്യോട്ടോയിൽ നിന്നുള്ള 114 വയസ്സുള്ള ഫുയോ കിഷിമോട്ടോ ആണ് ഏറ്റവും പ്രായം കൂടിയ സ്ത്രീ. കുമാമോട്ടോയിൽ നിന്നുള്ള 112 വയസ്സുള്ള ഹികാരു കാറ്റോ ആണ് ഏറ്റവും പ്രായം കൂടിയ പുരുഷൻ.



