കോഴിക്കോട്: വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുവയസുകാരനടക്കം നാല് പേർക്ക് കടിയേറ്റു. ബിഹാർ സ്വദേശിയുടെ മൂന്നുവയസുള്ള മകനെയാണ് തെരുവുനായ ആക്രമിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്. നാട്ടുകാർ ഇടപെട്ട് നായയെ തുരത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
രാവിലെ നടക്കാനിറങ്ങിയ മൊയ്തുവിനാണ് ആദ്യം നായയുടെ കടിയേറ്റത്. തുടർന്ന് മൂന്ന് പേരെ കൂടി ആക്രമിച്ച ശേഷമാണ് അതിഥിത്തൊഴിലാളിയുടെ മകനെ നായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കടിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വടികൊണ്ട് അടിച്ചും കല്ലെറിഞ്ഞുമാണ് നായയെ തുരത്തിയത്. തുടർന്ന് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
നായയുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് പേരെയും ഉടൻ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.













