സോൾ: കൊറിയൻ ഉപദ്വീപിൽ സംഘർഷം തുടരുന്നതിനിടെ ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. കിഴക്കൻ തീരത്തെ വോൺസാൻ മേഖലയിൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ കിഴക്കൻ കടലിലേക്ക് തൊടുത്തത്. മിസൈലിന്റെ കൃത്യമായ വിവരങ്ങളും സഞ്ചാരപഥവും ദക്ഷിണ കൊറിയൻ സൈന്യം പരിശോധിച്ചുവരികയാണ്.
സെപ്റ്റംബർ 12നും വോൺസാൻ മേഖലയിൽ നിന്ന് ഉത്തര കൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചിരുന്നു. ഇവ ഏകദേശം 250 കിലോമീറ്റർ ദൂരം സഞ്ചരിച്ചതായി അന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു.
തന്ത്രപ്രധാന ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ, റോക്കറ്റ് ലോഞ്ചറുകൾ, ഡ്രോണുകൾ എന്നിവ ഉൾപ്പെടുത്തിയ സൈനിക പരിശീലനത്തിന്റെ ഭാഗമായാണ് പുതിയ പരീക്ഷണമെന്നാണ് ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമങ്ങളുടെ വിശദീകരണം. ദക്ഷിണ കൊറിയ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന് നടത്തിയ അഞ്ചുദിവസത്തെ ‘ഫ്രീഡം എഡ്ജ്’ സൈനിക അഭ്യാസത്തിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം.
സൈനിക പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഉത്തര കൊറിയൻ പ്രതിരോധമന്ത്രി കിം സോങ് ഗിയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ അമേരിക്കയും സഖ്യകക്ഷികളും സംഘർഷം വർധിപ്പിക്കുകയാണെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരിയും മുതിർന്ന ഭരണകക്ഷി ഉദ്യോഗസ്ഥയുമായ കിം യോ ജോങ് സെപ്റ്റംബർ 18ന് ആരോപിച്ചിരുന്നു. രാജ്യത്തിന്റെ ആണവ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നത് തുടരുമെന്നും അവർ വ്യക്തമാക്കിയിരുന്നു.












