പത്തനംതിട്ട: ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. നിലവിൽ ഏകദേശം 20,000 ടിൻ അരവണ മാത്രമാണ് സ്റ്റോക്കിലുള്ളത്. അതേസമയം ഇന്ന് ഓൺലൈൻ ബുക്കിങ് വഴി മാത്രം 15,000 ഭക്തരാണ് ദർശനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിങ് കൂടി കണക്കിലെടുക്കുമ്പോൾ ഏകദേശം 17,000 ഭക്തർ ഇന്ന് സന്നിധാനത്ത് എത്തുമെന്നാണ് കണക്കുകൂട്ടൽ.
ഒരു ഭക്തന് രണ്ട് ടിൻ അരവണ വീതം നൽകാനാണ് തീരുമാനമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവിലുള്ള സ്റ്റോക്ക് കണക്കിലെടുക്കുമ്പോൾ ഇത് പ്രായോഗികമാകുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്.
മാസപൂജയ്ക്ക് മുന്നോടിയായി ആവശ്യമായ കരുതൽ ശേഖരം ഒരുക്കുന്നതിൽ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചെന്ന വിമർശനവും ഉയരുന്നുണ്ട്. കന്നിമാസ പൂജകൾ പൂർത്തിയാക്കി ഇന്ന് രാവിലെ 10 മണിക്ക് നട അടയ്ക്കും. ഇതിനിടെ അരവണ വാങ്ങാൻ രണ്ട് മണിക്കൂറിലധികം ക്യൂ നിൽക്കേണ്ട സാഹചര്യമാണെന്ന് ഭക്തർ പറയുന്നു. നിലവിൽ ഒരാൾക്ക് ഒരു ടിൻ അരവണ മാത്രമാണ് ലഭിക്കുന്നത്.
അരവണ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് ക്ഷാമത്തിന് കാരണമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ഇന്നലെ രാത്രി വരെ ഒരാൾക്ക് ഒരു ടിൻ മാത്രമാണ് വിതരണം ചെയ്തിരുന്നത്. ഇന്ന് രണ്ട് ടിൻ വീതം നൽകാനുള്ള തീരുമാനമാണ് എടുത്തത്.
അരവണയ്ക്ക് പുറമെ അപ്പത്തിനും ക്ഷാമം നേരിടുന്നതായി ഭക്തർ പരാതിപ്പെടുന്നു. രാവിലെ അപ്പം ലഭിക്കുമെന്ന പ്രതീക്ഷയിൽ എത്തിയ പലർക്കും നിരാശരായി മടങ്ങേണ്ടിവന്നു. അരവണയും അപ്പവും ലഭിക്കുന്നതിനായി നീണ്ട നിരയിൽ കാത്തുനിൽക്കാതെ പല ഭക്തരും മലയിറങ്ങുന്ന സാഹചര്യമാണുള്ളത്.
പ്രതീക്ഷിച്ചതിലും കൂടുതൽ അയ്യപ്പഭക്തർ എത്തിയതാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. നിലവിൽ പ്രതിദിനം രണ്ടേകാൽ ലക്ഷം ടിൻ അരവണ ഉൽപ്പാദിപ്പിക്കുന്നുണ്ട്. പ്ലാന്റിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉൽപ്പാദനശേഷി മൂന്നര ലക്ഷം ടിന്നായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.




