തിരുവനന്തപുരം: ചിറയിൻകീഴിൽ വീടിന് നേരെ ബോംബാക്രമണം. പുതുക്കരി വയലിൽ വീട് വിജയന്റെ ഉടമസ്ഥതയിലുള്ള വീടിന് നേരെയാണ് അർധരാത്രിയിൽ ആക്രമണമുണ്ടായത്. രാത്രി 12.45ഓടെയായിരുന്നു സംഭവം.
ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ വീടിന് നേരെ നാല് ബോംബുകൾ എറിയുകയായിരുന്നു. ഇതിൽ മൂന്ന് ബോംബുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന ഒരു ബോംബും പിന്നീട് കണ്ടെത്തി നിർവീര്യമാക്കി.
സ്‌ഫോടന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണ വിവരം അറിയുന്നത്. സംഭവസമയത്ത് വിജയൻ, ഭാര്യ ഗിരിജ, മക്കൾ, മരുമക്കൾ എന്നിവരടക്കം ഒൻപത് പേർ വീട്ടിലുണ്ടായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ല.
വീടിന് നേരെ ബോംബെറിയുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.




