അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത മഴ തുടരുന്നതിനിടെ ക്ഷേത്രദർശനത്തിന് പോയ സംഘം അരുവിയിൽ അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് കുടുങ്ങി. കുട്ടികളടക്കം 40 പേരടങ്ങുന്ന സംഘമാണ് ജുനഗഡിലെ ഗിർനാർ വനമേഖലയിലെ ഇന്ദ്രേശ്വർ–ആത്മേശ്വർ മഹാദേവ ക്ഷേത്രത്തിലേക്ക് പോയത്.
സംഘത്തിലെ 35 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. അഞ്ച് പേർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ശക്തമായ നീരൊഴുക്ക് കാരണം അരുവി മുറിച്ചുകടന്ന് പുറത്തേക്ക് എത്താൻ ഭക്തർക്ക് സാധിക്കാത്ത സാഹചര്യമായിരുന്നു.
ഗിർനാർ വനമേഖലയിൽ പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്നാണ് മലയോര പാതയിലൂടെ ശക്തമായ വെള്ളമൊഴുക്ക് ആരംഭിച്ചത്. ഇതോടെ ആത്മേശ്വർ ക്ഷേത്രത്തിലേക്കുള്ള പാതയിലെ അരുവിയിലും ജലനിരപ്പ് ഉയർന്നു. തുടർന്ന് വനംവകുപ്പിന്റെയും അഗ്നിശമനസേനയുടെയും സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഗിർനാറിലെ ഘാംഘോർ വനമേഖലയിലാണ് പുരാതനമായ ആത്മേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മേഖലയിൽ ശക്തമായ മഴ പെയ്തതോടെ വനത്തിൽനിന്ന് പുറത്തേക്കുള്ള വഴിയും തടസ്സപ്പെട്ടു. സമീപത്തെ നദികളിലും കനാലുകളിലും ജലനിരപ്പ് ഉയർന്നതോടെ പ്രദേശത്ത് ജാഗ്രത ശക്തമാക്കി.
രക്ഷാപ്രവർത്തകർ ലൈഫ് ജാക്കറ്റുകളും കയറുകളും ഉപയോഗിച്ചാണ് കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. കാണാതായ അഞ്ച് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.












