ന്യൂഡൽഹി: ലണ്ടനിലെ ഭരതനാട്യ അരങ്ങേറ്റം കാരുണ്യപ്രവർത്തനത്തിനായി മാറ്റിവെച്ച് യുവനർത്തകി ഈവ മരിയ കുര്യാക്കോസ്. കോട്ടയം മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം നൽകുന്ന നവജീവൻ ട്രസ്റ്റിനായി ഫണ്ട് സമാഹരിക്കുകയാണ് ഈവയുടെ ലക്ഷ്യം.
കോട്ടയം മെഡിക്കൽ കോളേജിലെ പൂർവവിദ്യാർഥികളായ ഡോ. ജോജി കുര്യാക്കോസിന്റെയും ഡോ. ദീപ ജേക്കബ്ബിന്റെയും മകളാണ് ഈവ. ലണ്ടനിൽ നടക്കുന്ന അരങ്ങേറ്റത്തിലൂടെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോം വഴി ഇതുവരെ അഞ്ചുലക്ഷത്തോളം രൂപ സമാഹരിച്ചു. ഫണ്ട് സമാഹരണം സെപ്റ്റംബർ 30ന് അവസാനിക്കും. തുടർന്ന് തുക നവജീവൻ ട്രസ്റ്റിന് കൈമാറുമെന്ന് ഡോ. ജോജി കുര്യാക്കോസ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്കും പാവപ്പെട്ടവർക്കും ഭക്ഷണം നൽകുന്നതിനായി മുൻ ജീവനക്കാരനായ പി.യു. തോമസാണ് നവജീവൻ ട്രസ്റ്റിന് തുടക്കമിട്ടത്. വിദ്യാർഥിയായിരുന്ന കാലം മുതൽ ഡോ. ജോജിക്കും ഡോ. ദീപയ്ക്കും തോമസുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
മലയാള സാഹിത്യത്തോടും സംസ്കാരത്തോടും താൽപര്യമുള്ള കുടുംബത്തിലാണ് ഈവ വളർന്നത്. മലയാളത്തിൽ കവിതകൾ എഴുതുന്ന ഡോ. ജോജി ലണ്ടനിലും മലയാള ഭാഷയും സംസ്കാരവും മകളിലേക്ക് പകർന്നു നൽകി.
യോർക്ഷയറിൽ അവസാന വർഷ സ്കൂൾ വിദ്യാർഥിനിയായ ഈവ അടുത്ത വർഷം മെഡിക്കൽ വിദ്യാഭ്യാസത്തിന് ചേരാനാണ് ആഗ്രഹിക്കുന്നത്. ഭരതനാട്യത്തിനൊപ്പം മോഹിനിയാട്ടം, ബാലെ, ടാപ്പ് ഡാൻസ് എന്നിവയും പരിശീലിച്ചിട്ടുണ്ട്. പിയാനോ, ഗിറ്റാർ, വയലിൻ എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്. സ്കൂൾ മ്യൂസിക് ബാൻഡിലും സജീവമാണ്.
യുകെയിലെ യു.കെ.കെ.എം.എ. ദേശീയ കലോത്സവത്തിൽ നാല് തവണ നാട്യമയൂര പദവിയും ഈവ നേടിയിട്ടുണ്ട്. പഠനത്തിനൊപ്പം കലാപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാനാണ് ഈവയുടെ ആഗ്രഹം. മൂവാറ്റുപുഴ സ്വദേശിയായ ഡോ. ജോജിയും കൊല്ലം ചവറ സ്വദേശിയായ ഡോ. ദീപയും യോർക്ഷയറിലെ ഹള്ളിലാണ് താമസിക്കുന്നത്. ഇരുവരും മലയാളി സമൂഹവുമായി അടുത്ത് പ്രവർത്തിക്കുന്നവരാണ്.












