തൊപ്പിയും ധരിച്ച് മുഖം കുനിച്ച്, പിസ്റ്റളുമായി നിൽക്കുന്ന ഷൈൻ ടോം ചാക്കോ. ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡാൻസാഫി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. ടൊവിനോ തോമസ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.
പുത്തൻ തലമുറയുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന പ്രമേയവുമായാണ് ഹരിദാസ് ‘ഡാൻസാഫ്’ അവതരിപ്പിക്കുന്നത്. ലഹരി വിരുദ്ധ പോരാട്ടത്തിനായി കേരള സർക്കാർ രൂപീകരിച്ച വിഭാഗമാണ് ഡാൻസാഫ്. ഈ സംഘത്തിന്റെ ടീം ക്യാപ്റ്റനായാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിൽ എത്തുന്നത്.
എൻ.വി.പി ക്രിയേഷൻസിന്റെ ബാനറിൽ മുഹമ്മദ് ഷാഫിയാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി ലാലു, അരുൺ, ജോയ് മാത്യു, ജാഫർ ഇടുക്കി, ജിയോ ബേബി, ശാന്തി കൃഷ്ണ, സൂര്യാകൃഷ്, ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, കലാമണ്ഡലം പാർവതി, ജീവാ ജോസഫ്, ജയേഷ് പുന്നശ്ശേരി, അങ്കിത്, അമൽ, സുൽത്താൻ, രാഹുൽ, സതീഷ് നമ്പ്യാർ, മിന്നൽ റെജി, അഫ്രിൻ കല്ലൻ, വിനോദ് ആന്റണി, ചൈത്ര പ്രവീൺ, ആതിര പട്ടേൽ, ആരതി വിശ്വനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഋഷി ഹരിദാസും ജിതിൻ രാജ് സിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സെയ്‌ദ് അബ്ബാസ് സംഗീതം നൽകുന്നു. എൽബൻ കൃഷ്ണ ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവഹിക്കുന്നു. സുജിത് രാഘവാണ് കലാസംവിധാനം. ലാലു കൂട്ടാലിട മേക്കപ്പും അഫ്രിൻ കല്ലൻ കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു.
കോഴിക്കോട്, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, പുല്ലുരാമ്പാറ, കൂമ്പാറ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.












